ന്യൂഡൽഹി: അമ്മയോടുള്ള ദേഷ്യത്തിൽ വീട്ടിൽനിന്നു സ്വർണവും പണവും കവർന്ന യുവതിയെ അറസ്റ്റ് ചെയ്തു. ഉത്തംനഗർ സേവക് പാർക്കിൽ താമസിക്കുന്ന കമലേഷിന്റെ മകൾ ശ്വേതയാണു (31) പിടിയിലായത്. അമ്മയ്ക്കു കൂടുതൽ സ്നേഹം അനിയത്തിയോട് ആയതിനാലാണ് വീട്ടിൽനിന്നു പണവും ആഭരണങ്ങളും മോഷ്ടിച്ചതെന്നാണു ശ്വേത പോലീസിനോടു പറഞ്ഞത്.
ലക്ഷങ്ങൾ വിലവരുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ, 25,000 രൂപ എന്നിവ മോഷണം പോയെന്നാണു ശ്വേതയുടെ അമ്മ കമലേഷ് പോലീസിൽ പരാതി നൽകിയത്. വീട്ടിൽ അലമാരയുടെയും വാതിലുകളുടെയും പൂട്ടുകൾ തകർത്തിരുന്നില്ല.
പോലീസ് സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവദിവസം ബുർഖ ധരിച്ച ഒരു സത്രീ വീട്ടിനുള്ളിലേക്കു പോകുന്നതും കുറച്ചു സമയത്തിനകം തിരിച്ചു പോകുന്നതും ശ്രദ്ധയിൽപ്പെട്ടു.
സംശയം തോന്നിയ പോലീസ് ശ്വേതയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ചതിൽ കുറച്ച് ആഭരണങ്ങൾ തന്റേതും ബാക്കി സഹോദരിയുടെ വിവാഹത്തിനു വേണ്ടി അമ്മ കരുതി വച്ചിരുന്നതുമാണെന്നു ശ്വേത പറഞ്ഞു.