കായംകുളം : പ്രതിസന്ധിയിലായ ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 13 ന് സംസ്ഥാന വ്യാപകമായി വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരത്തിനു പിന്തുണയുമായി െ ഹോട്ടലുകളും മെഡിക്കൽ സ്റ്റോറുകളും അടച്ചിടും.
ഹോട്ടലുകൾ പൂർണമായി അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കില്ലന്ന് എകെസിഡിഎയും ആണ് വ്യാപാരി നേതൃത്വത്തെ അറിയിച്ചത്.
സംസ്ഥാനത്തെ പെട്രോൾ പമ്പുകളും അന്ന് അടച്ചിടാൻ ആലോചനയുണ്ട്. പച്ചക്കറി വിപണികളും പ്രവർത്തിക്കില്ല. അതിനാൽ 13 ന് സംസ്ഥാനത്തെ കട കമ്പോളങ്ങൾ നിശ്ചലമാകുമെന്ന് ഉറപ്പായി.
29 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡ് നിന്നാരംഭിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്ര 13 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും.
വ്യാപാര സംരക്ഷണ യാത്രയുടെ സമാപന ദിവസം ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കടയടപ്പ് സമരം.വ്യാപാര സംരക്ഷണ യാത്ര ഇന്ന് തൃശൂർ ജില്ലയിൽ പര്യടനം നടത്തും. കഴിഞ്ഞ ദിവസം വടക്കൻ ജില്ലകളിൽ വ്യപാരികളുടെ വലിയ സ്വീകരണമാണ് യാത്രയ്ക്ക് ലഭിച്ചത്.
നാളെ യാത്ര എറണാകുളം ജില്ലയിൽ പര്യടനം നടത്തും.