കോഴിക്കോട്: തണ്ണീർക്കൊമ്പന്റെ ജഡത്തിനു മുമ്പിൽ ഫോട്ടോഷൂട്ട് നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോയൽ. തണ്ണീർക്കൊമ്പന്റെ പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ കർണാടക സംഘത്തിന്റെ ഡയറക്ടറായ സിസിഎഫിന്റെ നിർദേശപ്രകാരമാണു ഫോട്ടോ എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
പോസ്റ്റ്മോർട്ടം നടത്തിയ സമയത്ത് സന്നിഹിതരായവരെക്കുറിച്ചുള്ള തെളിവിനു വേണ്ടിയാണു പോസ്റ്റ്മോർട്ടത്തിനു മുൻപും ശേഷവും ഫോട്ടോ എടുത്തത്. അവർ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെടുമ്പോൾ അതു നിഷേധിക്കാൻ സാധിക്കില്ലെന്നും ഡിഎഫ്ഒ പറഞ്ഞു. ഔദ്യോഗിക ആവശ്യത്തിനായി എടുത്ത ഫോട്ടോ പുറത്തുപോയതുമായി ബന്ധപ്പെട്ടു വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്.
‘‘തണ്ണീർക്കൊമ്പന് കർണാടകയിൽവച്ചു മരണം സംഭവിച്ചതിനാൽ അവിടുത്തെ വനംവകുപ്പിന്റെ നേതൃത്വത്തിൽ സംയുക്തമായാണു പോസ്റ്റ്മോർട്ടം നടത്തിയത്. അതിന്റെ ഭാഗമായി തെളിവിനു വേണ്ടിയാണു കർണാടക വനംവകുപ്പിന്റെ നിർദേശപ്രകാരം ഫോട്ടോകളും വിഡിയോകളും എടുത്തത്. അല്ലാതെ ഏതെങ്കിലും മാധ്യമങ്ങളിൽ കൊടുത്ത് പ്രശസ്തി നേടാൻ ആയിരുന്നില്ല. ബോധമുള്ള ഒരാളും അത്തരത്തിൽ ചെയ്യുമെന്നും വിശ്വസിക്കുന്നില്ല’ – ഡിഎഫ്ഒ പറഞ്ഞു.
തികച്ചും ഔദ്യോഗിക ആവശ്യങ്ങൾക്കായി എടുത്ത ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തുകയും അതിനു കൂട്ടുനിൽക്കുകയും അനാവശ്യ പ്രചാരണം നടത്തുകയും ചെയ്യുന്നവരെ തിരിച്ചറിയണമെന്നുമാണു വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിലെ നിലപാട്. വെള്ളിയാഴ്ച രാവിലെ മാനന്തവാടി ടൗണിലെത്തിയ തണ്ണീർക്കൊമ്പനെ മയക്കുവെടിവച്ചു രാത്രിയോടെ ബന്ദിപ്പുർ വനത്തിലെത്തിക്കുകയായിരുന്നു.
എന്നാൽ പുലർച്ചെയോടെ ചരിഞ്ഞു. കാട്ടാന ചരിഞ്ഞതിനെത്തുടർന്നു വനംവകുപ്പിനെതിരേ വൻ പ്രതിഷേധം ഉയരുന്നതിനിടെയാണു തണ്ണീർക്കൊമ്പന്റെ ജഡത്തിന്റെ സമീപത്തു നിന്നെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഫോട്ടോയും വിവാദമായത്. ഇതിനെതിരേ പരാതിയുമായി ചല സംഘടനകൾ രംഗത്തെത്തിയിരുന്നു.