തൃശൂർ: ചാലക്കുടി ബ്യൂട്ടി പാർലർ വ്യാജ മയക്കുമരുന്നു കേസിൽ ക്രൈംബ്രാഞ്ച് പ്രതിചേർത്ത എറണാകുളം സ്വദേശി നാരായണദാസിനെതിരെയുള്ള മുൻ കേസുകൾ അന്വേഷണസംഘം പരിശോധിക്കുന്നു. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരേ പോലീസിന് വ്യാജ വിവരം നൽകിയ നാരായണദാസ് നിരവധി കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
28 ലക്ഷത്തിന്റെ വഞ്ചന കേസ് ഇയാൾക്കെതിരെയുണ്ട്. ഇതിൽ ജാമ്യത്തിൽ കഴിയുന്പോഴാണ് ഷീലസണ്ണിയുടെ കേസിൽ ക്രൈംബ്രാഞ്ച് പ്രതി ചേർക്കുന്നത്. ഇപ്പോൾ ഹൈക്കോടതിയിൽ ഇയാൾ തന്നെ പ്രതിയാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്.
ഇയാളുടെ എല്ലാ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചു കഴിഞ്ഞു.
എറണാകുളം തൃപ്പൂണിത്തുറ എരൂർ ദർശനം റോഡിലുള്ള ഇയാളുടെ വീട് അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. എറണാകുളം വഴക്കാല സ്വദേശി അസ്ലമിനെ 27 ലക്ഷം രൂപ തട്ടിയെടുത്ത് പറ്റിച്ച കേസിൽ 2022 ഡിസംബർ 22 ന് ഇയാൾ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു.
ബിസിനസിന് വേണ്ടിയെന്ന പേരിൽ 18 ലക്ഷം രൂപ ആദ്യം അസ്ലമിന്റെ പക്കൽനിന്നു വാങ്ങി, പിന്നീട് ചെന്നൈയിൽ എക്സൈസ് ലേലത്തിൽ പങ്കെടുക്കാൻ എന്ന പേരിൽ പോവുകയും ഇതിനായി അസ്ലമിന്റെ കൈയിൽ നിന്ന് ഒന്പതു ലക്ഷം രൂപ കൂടെ വാങ്ങിയെന്നും ഇവ രണ്ടും മടക്കി നൽകാതെ പറ്റിച്ചു എന്ന കേസിലാണ് പ്രതി ജാമ്യത്തിൽ കഴിയുന്നത്.
2021 ൽ നടന്നതെന്ന് ആരോപിക്കപ്പെടുന്ന കേസിൽ നാരായണ ദാസ് അടക്കം മൂന്നു പ്രതികളാണ് ഉള്ളത്. നാരായണ ദാസ് കേസിൽ മൂന്നാം പ്രതിയാണ്. തൃപ്പൂണിത്തുറ സ്വദേശി വിനോദ് കൃഷ്ണ, കോഴിക്കോട് കാരപ്പറന്പ് സ്വദേശി സായി ശങ്കർ എന്നിവരാണ് ഈ കേസിലെ മറ്റു രണ്ട് പ്രതികൾ.
നാരായണ ദാസിനെതിരേ ആൾമാറാട്ടം അടക്കം വേറെയും കേസുകൾ നിലവിലുണ്ടെന്ന് പറയുന്നു. ആഡംബര കാർ വാങ്ങാനെത്തിയ തൃപ്പുണിത്തുറ സ്വദേശിയായ ബിസിനസുകാരനെ കർണാടക പോലീസ് ആയി ചമഞ്ഞാണ് നാരായണ ദാസും സംഘവും രണ്ടു കോടി രൂപ ഭീഷണിപ്പെടുത്തി തട്ടാൻ ശ്രമിച്ചതെന്നാണ് പറയുന്നത്.
ഈ കേസിൽ ഇയാളെ 2015 ലാണ് തൃപൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തത്. അജയാഘോഷ് എന്നയാളെയാണ് അന്ന് നാരായണ ദാസിന്റെ നേതൃത്വത്തിൽ പറ്റിച്ചത്.
അന്ന് ഇയാളുടെ സംഘത്തിലും സായ് ശങ്കർ ഉണ്ടായിരുന്നു. എരൂർ സ്വദേശിനി ശ്രീദുർഗ, പെരുന്പാവൂർ സ്വദേശി മയുഖി, മണ്ണാർക്കാട് സ്വദേശി ഷമീർ, വൈറ്റില സ്വദേശി ദിബിൻ എന്നിവരായിരുന്നു അന്ന് ആൾമാറാട്ട സംഘത്തിൽ ഉണ്ടായിരുന്നത്. ഇതെക്കുറിച്ചെല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഷീല സണ്ണിയുടെ അടുത്ത ബന്ധുവായ യുവതിയുമായി ഇയാൾക്കുള്ള ബന്ധവും അ്ന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്.