കൊച്ചി: പ്രോവിഡന്റ് ഫണ്ട് (പിഎഫ്) ലഭിക്കാത്തതില്‍ മനംനൊന്ത് കൊച്ചിയില്‍ പിഎഫ് ഓഫീസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര പണിക്കവളപ്പില്‍ ശിവരാമ(69)നാണ് ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് കലൂരിലെ പിഎഫ് ഓഫീസിലെത്തിയ ശിവരാമന് ബാത്ത്റൂമില്‍ കയറി വിഷം കഴിക്കുകയായിരുന്നു. അവശനിലയില്‍ കണ്ടെത്തിയ ഇദേഹത്തെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങി.
കാന്‍സര്‍ രോഗിയായ ശിവരാമന് അപ്പോളോ ടയേഴ്സിലെ കരാര്‍ ജീവനക്കാരനായിരുന്നു. ഒമ്പതു വര്‍ഷം മുമ്പാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. 80,000 രൂപയായിരുന്നു ശിവരാമന് കിട്ടാനുണ്ടായിരുന്നു. ഇതിനായി ആവശ്യപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിച്ച് പല തവണ പിഎഫ് ഓഫീസില്‍ കയറിയിറങ്ങിയിട്ടും നീതി ലഭിച്ചില്ലെന്ന് ഇദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് സുകുമാരന്‍ പറഞ്ഞു.
കാന്‍സര്‍ ചികിത്സയ്ക്കായി വലിയ തുക ശിവരാമന് ആവശ്യമായി വന്നിരുന്നു. ഇനിയാര്‍ക്കും ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാകരുതെന്നും ബന്ധുക്കള്‍ പറഞ്ഞു. എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.