ആലുവ: ട്രെയിനിൽ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന വൃദ്ധയുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെട്ടയാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) മണിക്കൂറുകൾക്കകം പിടികൂടി. കോട്ടയം-നിലമ്പൂർ ട്രെയിൻ ആലുവ സ്റ്റേഷൻ വിടുന്നതിനിടെയിൽ ഇന്നലെ രാവിലെ 7.50നാണ് സംഭവം. സംഭവം നടന്നത്.
ആലുവ കുന്നത്തേരി എസ്എൻഡിപി റോഡിൽ മോളത്ത് പറമ്പിൽ ജിബിൻ ഗോപാലകൃഷ്ണൻ (36)നെയാണ് തായിക്കാട്ടുകര മാന്ത്രക്കൽ ഭാഗത്തുനിന്നും പിടികൂടിയത്. ആലുവ ആർപിഎഫ് ഇൻസ്പെക്ടർ മനോജ്കുമാർ ഒതോയത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിന്തുടർന്ന് വലയിലാക്കിയത്.
നിലമ്പൂരിലേക്ക് പോകുന്ന മുൻഭാഗത്തെ ജനറൽ കമ്പാർട്ടുമെന്റിൽ ഇരുന്നിരുന്ന കോട്ടയം വെള്ളൂർ മാവെല്ലൂർ നമയത്ത് ദേശം എസ് സ്ക്വയറിൽ ശ്യാമള (70)യുടെ കഴുത്തിൽ നിന്നാണ് മാല പൊട്ടിച്ചത്. ആലുവ സ്റ്റേഷൻ വിടുന്നതിനിടെ മൂന്നാം നമ്പർ പ്ളാറ്റ് ഫോമിൽ നിന്ന പ്രതി ചാടി കയറി മാല പൊട്ടിച്ച് ചാടി ഇറങ്ങുകയാണ് ചെയ്തത്.
ശ്യാമള ബഹളം വെച്ചപ്പോൾ സഹയാത്രികർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. മോഷ്ടാവ് അപ്പോഴേക്കും ഒന്നാം നമ്പർ പ്ളാറ്റ് ഫോം ചാടിക്കടന്ന് പ്രധാന കവാടത്തിലൂടെ രക്ഷപ്പെട്ടു. റെയിൽവേ സ്റ്റേഷനിലെ സിസിടിവി കാമറയിൽ പ്രതിയെ തിരിച്ചറിഞ്ഞു.
മഫ്ടിയിൽ ആർപിഎഫ് സംഘം നടത്തിയ തെരച്ചിലിലാണ് മൂന്ന് കിലോമീറ്റർ അകലെ തായിക്കാട്ടുകരയിൽനിന്നും 11.30ഓടെ പ്രതിയെ പിടികൂടിയത്.
സ്വർണമാല കമ്പനിപ്പടിയിലെ മുത്തൂറ്റ് ഫിൻ കോർപ്പിൽ 25,025 രൂപക്ക് പണയം വച്ച രേഖകൾ പ്രതിയിൽനിന്നും ലഭിച്ചു. ഹോട്ടലിൽനിന്നും ഭക്ഷണവും കഴിച്ച് വീട്ടിലേക്ക് പച്ചക്കറിയും വാങ്ങി മടങ്ങുകയായിരുന്നു പ്രതിയുടെ കയ്യിൽ നിന് 24,240 രൂപയും കണ്ടെടുത്തു.
പ്രതിയെ എറണാകുളം റെയിൽവേ പോലീസിന് കൈമാറി. ആർപിഎഫ് എഎസ്ഐ പി. തോമസ് ഡാൽവി, ഹെഡ് കോൺസ്റ്റബിൾമാരായ കെ.ടി. ദേവദാസ്, എ.ടി. ജോസി, ജി. വിപിൻ, കോൺസ്റ്റബിൾമാരായ എസ്. മഹേഷ്, കെ.എസ്. ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.