ബ്ലൂംഫോണ്ടെയ്ൻ: ഐസിസി അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി ഓസ്ട്രേലിയ. പാക്കിസ്ഥാനെ ഒരു വിക്കറ്റിനു കീഴടക്കിയാണ് ഓസ്ട്രേലിയ ഫൈനലിലേക്ക് മുന്നേറിയത്.
ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെയാണ് ഓസ്ട്രേലിയയുടെ ജയം. സ്കോർ: പാക്കിസ്ഥാൻ 179 (48.5). ഓസ്ട്രേലിയ 181/9 (49.1).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ അസാൻ ഓവൈസിന്റെയും (52) അറഫാത്ത് മിൻഹാസിന്റെയും (52) അർധ സെഞ്ചുറികളാണ് വലിയ തകർച്ചയിൽനിന്നും കരകയറ്റിയത്. ഇവർക്കു പുറമേ ഓപ്പണർ ഷാമിൽ ഹുസൈനും (17) മാത്രമാണ് പാക് നിരയിൽ രണ്ടക്കം കണ്ടത്.
ഓസീസിന്റെ ടോം സ്ട്രാക്കറുടെ ആറ് വിക്കറ്റ് പ്രകടനമാണ് പാക്കിസ്ഥാനെ തരിപ്പണമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനായി ഓപ്പണർ ഹാരി ഡിക്സണ്‍ (50) അർധ സെഞ്ചുറി നേടി. ഒലിവർ പീക്കും (49) മികച്ച പ്രകടനം കാഴ്ചവച്ചു. ടോം കാംബെൽ 25 റണ്‍സും നേടി.
പാക്കിസ്ഥാനായി അലി റാസ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അറഫാത്ത് മിൻഹാസ് രണ്ട് വിക്കറ്റും നേടി. ഞായറാഴ്ചയാണ് ഫൈനൽ. ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ രണ്ട് തവണ (2012, 2018) ഓസ്ട്രേലിയയെ കീഴടക്കി ചാന്പ്യന്മാരായിട്ടുണ്ട്. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ അഞ്ച് തവണയും ഓസ്ട്രേലിയ മൂന്ന് പ്രാവശ്യവും ഇതുവരെ മുത്തംവച്ചു. ലോകകപ്പ് ഏറ്റവും കൂടുതൽ തവണ നേടിയത് ഇന്ത്യയാണ്.