അനിമല്‍ എന്ന ചിത്രം വമ്പന്‍ ഹിറ്റായതോടെ തുടര്‍ന്ന് ബോളിവുഡില്‍ മൂല്യമേറിയ നായികയായിരിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാന. ഒരു കൂട്ടം പ്രൊജക്ടുകളാണ് ഇനി നടിയുടേതായി വരാനിരിക്കുന്നത്. പുഷ്പയുടെ രണ്ടാം ഭാഗമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
ശേഖര്‍ കമ്മുലയുടെ ഡിഎന്‍എസ്, ദ ഗേള്‍ഫ്രണ്ട്, റെയിന്‍ബോ എന്നീ ചിത്രങ്ങളും നടിയുടേതായി വരാനുണ്ട്. നാല് ഭാഷകളില്‍ തുടര്‍ച്ചയായി അഭിനയിക്കുന്നത് കാരണം പാന്‍ ഇന്ത്യന്‍ നായികയെന്നും, നാഷണല്‍ ക്രഷ് എന്നുമുള്ള പേരുകളും നടിക്ക് ലഭിച്ചിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലാണ് രശ്മിക അഭിനയിക്കുന്നത്.
അതേസമയം നടി പ്രതിഫലം ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പുഷ്പ, അനിമൽ പോലുള്ള വമ്പന്‍ വിജയങ്ങള്‍ക്ക് പിന്നാലെയാണ് രശ്മിക പ്രതിഫലം ഉയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ തന്നെ ഏറ്റവും ഡിമാന്‍ഡുള്ള നടിമാരില്‍ ഒരാളായി രശ്മിക മാറിയതാണ് പ്രതിഫലം ഉയര്‍ത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് മുതല്‍ 4.5 കോടി വരെയാണ് അടുത്ത ചിത്രങ്ങള്‍ക്കായി രശ്മിക വാങ്ങുന്ന പ്രതിഫലം. ശേഖര്‍ കമ്മുല ചിത്രം, പുഷ്പ 2, ഗേള്‍ഫ്രണ്ട്, റെയിന്‍ബോ എന്നിവയൊക്കെ നടി ഉയര്‍ന്ന പ്രതിഫലത്തിലാണ് അഭിനയിക്കുന്നതെന്നാണ് സൂചന. ഒരു കോടി അധികമായി നല്‍കണമെന്നാണ് നിര്‍മാതാക്കളെ അറിയിച്ചിരിക്കുന്നത്.
നേരത്തെ മൂന്ന് മുതല്‍ മൂന്നര കോടി വരെയായിരുന്നു ഒരു ചിത്രത്തിനു രശ്മിക വാങ്ങിയത്. അതേസമയം പുരുഷ താരങ്ങള്‍ സിനിമ വിജയിച്ചാല്‍ 50 ശതമാനം വരെ പ്രതിഫലം വര്‍ധിപ്പിക്കാറുണ്ട്. അതൊക്കെ വെച്ച് നോക്കുമ്പോള്‍ രശ്മികയുടേത് ചെറിയ വര്‍ധന മാത്രമാണ്. നിലവില്‍ കിയാര അദ്വാനി നാല് കോടിയില്‍ അധികം പ്രതിഫലം നേരത്തെ വാങ്ങുന്നുണ്ട്.
ആലിയ ഭട്ട്, ദീപിക പദുക്കോണ്‍ എന്നിവര്‍ എട്ട് കോടിക്കും പന്ത്രണ്ട് കോടിക്കും ഇടയിലാണ് പ്രതിഫലം വാങ്ങുന്നത്. ഇവര്‍ രണ്ടുപേരും ബോക്സോഫീസിന് താല്പര്യമുള്ള നടിമാരാണ്. ഇരുവരും വിജയചിത്രങ്ങളുടെ അവിഭാജ്യ ഘടകമാണ്. അനിമലിന് മുമ്പ് കാര്യമായി ഹിറ്റുകളൊന്നും ബോളിവുഡില്‍ രശ്മികയ്ക്ക് ഇല്ല. എന്നാല്‍ ആനിമല്‍ നടിയുടെ കരിയര്‍ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്.