ചേർത്തല: ഒന്നര ഏക്കർ സ്ഥലത്ത് ഹൈടെക് രീതിയിൽ കൃഷി തുടങ്ങി വയോധികരായ ദമ്പതികൾ. നഗരസഭ 24-ാം വാർഡിൽ ഗിരിജാലയത്തിൽ ഇ.കെ. തമ്പി (73), ഭാര്യ ഗിരിജ (67) എന്നിവരാണ് ഇസ്രായേൽ രീതിയിൽ കൃഷി തുടങ്ങിയത്.
കൃഷിമന്ത്രിക്കൊപ്പം ഇസ്രായേൽ സന്ദർശിച്ച കർഷകനായ അരീപ്പറമ്പ് വലിയവീട്ടിൽ വി.എസ്. ബൈജുവിന്റെ നേതൃത്വത്തിലാണ് കൃഷിയിടം ഒരുക്കിയത്. 700 മീറ്ററോളം കളപിടിക്കാത്ത മൾട്ടി ഷീറ്റ് വിരിച്ചു. സ്വിച്ച് ഇട്ടാൽ ചുവട്ടിൽ വെള്ളവും വളവും എത്തും.
ചെറുധാന്യങ്ങൾ ഉൾപ്പെടെ ചീര, പച്ചമുളക്, തക്കാളി, വെണ്ട, പയർ എന്നിവയുടെ ഹൈബ്രിഡ് വിത്തുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വർഷങ്ങളായി പരമ്പരാഗതരീതിയിൽ കൃഷിചെയ്യുന്ന തമ്പിയും ഭാര്യ ഗിരിജയും മരച്ചീനിയിലും ചേനയിലും വലിയ വിളവുകൾ നേടി നവമാധ്യമങ്ങളിലും ശ്രദ്ധപിടിച്ചുപറ്റീട്ടുണ്ട്.
മൂന്നുമാസത്തിനുള്ളിൽ ചീര ഉൾപ്പെടെ ഉള്ള എല്ലാ കൃഷിയുടെയും വിളവെടുക്കാൻ പറ്റുമെന്നും പ്രായമായവർക്കും ശാരീരിക അധ്വാനം കൂടാതെ അനായാസം കൃഷി ചെയ്യാമെന്ന് തെളിയിക്കുകയാണെന്നും കൃഷി പ്രമോട്ടർ കൂടിയായ വി.എസ് ബൈജു പറഞ്ഞു.
നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ശോഭാ ജോഷി, ബി. ദാസി, പി. മുജേഷ് കുമാർ, കെ. ഉമയാക്ഷൻ, കൃഷി ഓഫീസർ ജിജി, അജിത്കുമാർ, സതീശൻ, ജോഷി, രജനൻ, സോബിൻ എന്നിവർ പ്രസംഗിച്ചു.