കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാല ഇന്റർ കൊളീജിയറ്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ കോതമംഗലം എംഎ കോളജ് ജേതാക്കളായി.
പുരുഷവിഭാഗത്തിൽ ചങ്ങനാശേരി എസ്ബി കോളജ് രണ്ടാം സ്ഥാനവും ആതിഥേയരായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളജ് രണ്ടാം സ്ഥാനവും പാലാ അൽഫോൻസാ കോളജ് മൂന്നാം സ്ഥാനവും നേടി.
പുരുഷ വിഭാഗം വ്യക്തിഗത ഇനത്തിൽ എം. അനന്തകൃഷ്ണ (എംഎ കോളജ്, കോതമംഗലം) ഒന്നാം സ്ഥാനവും എസ്. ജിജിൽ (സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി) രണ്ടാം സ്ഥാനവും ആർ.എസ്. മനോജ് (എംഎ കോളജ്, കോതമംഗലം) മൂന്നാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തിൽ എൻ. പൗർണമി (എംഎ കോളജ്, കോതമംഗലം) ഒന്നാം സ്ഥാനവും കെ. സ്വേത (എംഎ കോളജ്, കോതമംഗലം) രണ്ടാം സ്ഥാനവും കെ.എസ്. ശില്പ (അസംപ്ഷൻ കോളജ്, ചങ്ങനാശേരി) മൂന്നാം സ്ഥാനവും നേടി.
മഹാരാഷ്ട്രയിൽ നടക്കുന്ന അന്തർ സർവകലാശാല മത്സരത്തിനുള്ള എംജി ടീമിനെ മത്സരത്തിൽനിന്നു തെരഞ്ഞെടുത്തു. കെ. അനന്തകൃഷ്ണ, ആർ.എസ്. മനോജ് (എംഎ കോളജ്, കോതമംഗലം), എസ്. ജിജിൽ (സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി), റിജിൻ ബാബു, ബെഞ്ചമിൻ ബാബു (എസ്ബി കോളജ്, ചങ്ങനാശേരി) എന്നിവർ പുരുഷ ടീമിലും എൻ. പൗർണമി , കെ. ശ്വേത, ജി. ജിൻസി, ആർ. കൃതിക (എംഎ കോളജ്, കോതമംഗലം), കെ.എസ്. ശില്പ, അഞ്ജു മുരുകൻ (അസംപ്ഷൻ കോളജ്, ചങ്ങനാശേരി) എന്നിവർ വനിതാ ടീമിലും ഇടം നേടി.
പുരുഷവിഭാഗം മത്സരത്തിന്റെ ഫ്ലാഗ് ഓഫ് കാഞ്ഞിരപ്പള്ളി എസ്ഐ സഹീർ ഹുസൈനും വനിതാ വിഭാഗം മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് പാറത്തോട് പഞ്ചായത്തംഗം ഷാലിമ്മ ജയിംസും നിർവഹിച്ചു.
വിജയികൾക്കുള്ള സമ്മാനവിതരണം കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസിന്റെ അധ്യക്ഷതയിൽ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാല്, കോളജ് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ എന്നിവർ നിർവഹിച്ചു. കോളജ് ബർസാർ റവ.ഡോ. മനോജ് പാലക്കുടി, കുട്ടിക്കാനം മരിയൻ കോളജ് കായിവിഭാഗം മേധാവി പ്രഫ. ബോബി കെ. മാണി, പ്രവീൺ തര്യൻ എന്നിവർ പ്രസംഗിച്ചു.