തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ കന്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനെന്ന് സിപിഐഎം രേഖ. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണെന്നും വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെയുള്ള ഇടപാടാണ് നടന്നതെന്നും രേഖയിൽ പറയുന്നു.
കേന്ദ്ര ഏജന്‍സികളെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളക്കഥകള്‍ മെനയുകയാണെന്നും വാദം പോലും കേള്‍ക്കാതെയാണ് പ്രചരണമെന്നും മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും സിപിഎം വിമർശിക്കുന്നു. അതേസമയം എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ട് എസ്എഫ്ഐഒ വീണ വിജയന്റെ കന്പനിക്ക് സമന്‍സ് നല്‍കിയിട്ടുണ്ട്.
കമ്പനിയുടെ സേവനം എന്താണെന്ന് വിശദികരിക്കണമെന്നാണ് സമന്‍സ് അയച്ചിരിക്കുന്നത്. സിഎംആര്‍എല്ലില്‍ പരിശോധന നടത്തിയപ്പോഴും കെഎസ്ഐഡിസിയില്‍ പരിശോധന നടത്തിയപ്പോഴും എസ്എഫ്ഐഒ ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു.
കെഎസ്ഐഡിസിയിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ എക്സാലോജികിനും സമാനമായ രീതിയില്‍ എസ്എഫ്ഐഒ സമന്‍സ് അയച്ചു. സമൻസ് ലഭിച്ചതിന് പിന്നാലെയാണ് എക്സാലോജിക്സ് കോടതിയിലേക്ക് നീങ്ങിയത്.