പുൽപ്പള്ളി: കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണമുണ്ടായ സുരഭിക്കവലയുടെ സമീപ പ്രദേശമായ ആലത്തൂരിലും കടുവയെത്തി. ആലത്തൂർ കൊളക്കാട്ടിക്കവല ഓലിക്കര ബിനോയിയുടെ കൃഷിയിടത്തിലാണ് ഇന്നലെ രാവിലെ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്.
വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽനിന്നും അരക്കിലോമീറ്റർ മാറിയാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്.
കടുവയുടെ സാന്നിധ്യമുള്ള താന്നിത്തെരുവിലും സുരഭിക്കവലയിലും വനംവകുപ്പ് കൂട് സ്ഥാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കടുവയെ പിടികൂടാനായിട്ടില്ല.
ഇതോടെ മയക്കുവെടിവച്ച് കടുവയെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് വിവിധ രാഷ്ട്രീയ കക്ഷികളും പ്രദേശവാസികളും ആവശ്യപ്പെടുന്നത്. മേഖലയിലെ പലയിടങ്ങളിലും കടുവയെ നാട്ടുകാർ കണ്ടതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.
കടുവയുടെ സാന്നിധ്യമുള്ള ജനവാസ മേഖലകളിൽ ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചിൽ നടത്തി കടുവയെ പിടികൂടുന്നതിനാവശ്യമായ അടിയന്തര നടപടി വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സുരഭിക്കവല, താന്നിത്തെരുവ്, മുള്ളൻകൊല്ലി പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി വനം വകുപ്പ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് അധികൃതർ പറഞ്ഞു.