കണ്ണൂർ: ബസുകളുടെ മത്സരയോട്ടത്തെ സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്ത് വരാറുണ്ട്. കണ്ണൂരിൽ ബസുകളുടെ മത്സര ഓട്ടത്തിനെതിരേ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരുടെ പരാതിയിലാണ് നടപടി. കണ്ണൂർ, കൂത്തുപറമ്പ് റൂട്ടിൽ ഓടുന്ന കുടജാദ്രി, ഖസർമുല്ല എന്നീ രണ്ട് സ്വകാര്യ ബസുകൾ തമ്മിലായിരുന്നു മത്സരഓട്ടം.
കുടജാദ്രി എന്ന ബസ് കായലോട് , പാനുണ്ട റോഡിൽ യാത്രക്കാരെ ഇറക്കുകയായിരുന്നു. അപ്പോൾ ഈ ബസിനെ മറികടക്കുന്നതിനായി ഖസർമുല്ല ബസ് പിന്നാലെ വന്ന് ഇടത് വശത്ത് കൂടി അപകടകരമായ രീതിയിൽ ഓടിച്ച് പോവുകയായിരുന്നു. യാത്രക്കാർ രണ്ട് ബസുകളുടേയും ഇടയിലാകുന്ന അവസ്ഥയിലായിരുന്നു ഈ മത്സര ഓട്ടം. പിന്നാലെ യാത്രക്കാർ മോട്ടോർ വാഹന വകുപ്പിൽ പരാതി നൽകുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ മുജീബ് ഖസർമുല്ല ബസിന്റെ ഡ്രൈവർ അർജുന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു. ഇനി കുറ്റം ആവർത്തിച്ചാൽ ബസിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.