കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാൻ സിപിഎം ശ്രമിക്കുന്നു എന്ന് ആരോപിച്ച് കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എൻ. കെ. പ്രേമചന്ദ്രൻ. വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് തന്നെ വിളിപ്പിച്ചതുകൊണ്ടാണ് പോയത്. അവിടെ എത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നാണ് അത്. പാർലമെന്ററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തതെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കി.
വിരുന്നിൽ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സിപിഎം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയും. രാഷ്ട്രീയ മുതലടുപ്പിന് സിപിഎം ശ്രമിക്കുകയാണ്, ആർഎസ്പിയായി തന്നെ താൻ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സൗഹൃദ വിരുന്നിൽ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞാൽ വിമർശിച്ചേനേ. അല്ലാതെ സൗഹൃദ വിരുന്നിൽ നിന്ന് ഭക്ഷണം കഴിക്കാതെ പോകാനുള്ള രാഷ്ട്രീയ മര്യാദകേട് തനിക്കില്ല. പാർലമെന്റിനുള്ളിൽ എൻഡിഎ സർക്കാറിനെതിരേ ശക്തമായ നിലപാടെടുത്തത് താനാണെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.