പ്രണവ് മോഹൻലാലിന്റെ അഭിനയത്തോടൊപ്പം ജീവിതരീതിയും കൂടിയാണ് താരത്തെ മറ്റ് യുവനടമാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. പ്രണവിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേര്‍ന്നതാണ് താരത്തിന്റെ ജീവിതം.
സോഷ്യൽ മീഡിയിൽ പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളുമൊക്കെ ഞൊടിയിടകൊണ്ടാണ് വൈറലാകുന്നത്. പ്രണവ് അഭിനയത്തിലേക്ക് കാലെടുത്തുവെക്കുന്നത് ബാലതാരമായിട്ടാണ്. ഒന്നാമന് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലമാണ് പ്രണവ് ചെയ്തത്.
പിന്നീട് 2003ല്‍ മേജര്‍ രവിയും രാജേഷ് അമനകരയും എഴുതി സംവിധാനം ചെയ്ത പുനര്‍ജനിയിലും കേന്ദ്രകഥാപാത്രത്തെ പ്രണവ് അവതരിപ്പിക്കുകയും, അതിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം പ്രണവ് നേടുകയും ചെയ്തു. ഇപ്പോഴിതാ പ്രണവിനെ പുനര്‍ജനിയില്‍ അഭിനയിക്കാന്‍ കൊണ്ടുവന്നപ്പോഴുള്ള അനുഭവം പങ്കിടുകയാണ് മേജര്‍ രവി.
‘ഞാനും ലാലിന്റെ ഫാമിലിയും തമ്മിലുള്ള ബന്ധം അറിഞ്ഞുകൊണ്ട് രാജേഷ് അമനകര എന്നയാള്‍ എന്നെ മറ്റൊരാള്‍ വഴി ബന്ധപ്പെട്ടു. ഒരു കഥയുമായി അയാള്‍ മദ്രാസിലേക്ക് വന്നു. പ്രണവിനോട് കഥ പറഞ്ഞ ശേഷം അവനെ കൊണ്ട് അഭിനയിപ്പിക്കണമെന്ന് പറഞ്ഞാണ് അയാള്‍ വന്നത്. ഞാന്‍ ഈ കഥ കേട്ടതിനുശേഷം ലാലിനെ വിളിച്ച് കാര്യം പറഞ്ഞു.
സുചിയെ വിളിച്ച് പറഞ്ഞ് വീട്ടില്‍ പോയി കഥ പറയാനായിരുന്നു ലാല്‍ പറഞ്ഞത്. ലാല്‍ അന്ന് മദ്രാസില്‍ തന്നെ ഷൂട്ടിന്റെയൊക്കെ തിരക്കിലാണ്. അങ്ങനെ ഞാന്‍ നേരെ വീട്ടില്‍ പോയപ്പോള്‍ സുചി പറഞ്ഞത് അവന് അഭിനയിക്കുമോ ഇല്ലയോയെന്ന് എനിക്കറിയില്ല എന്നായിരുന്നു. പത്ത് ദിവസത്തെ ഷൂട്ടല്ലേയുള്ളു ഒന്ന് കഥ കേള്‍ക്കെന്ന് ഞാന്‍ പറഞ്ഞു.’ ‘അങ്ങനെ ഞാനാണ് ആ കഥ അവരോട് പറയുന്നത്. കഥ കേട്ടതും സുചി അപ്പുവിനെ നോക്കിയിട്ട് നീ ഈ സിനിമ ചെയ്യുന്നോടാ എന്ന് ചോദിച്ചു.
കുഴപ്പമില്ല എന്ന് അവന് മറുപടിയും പറഞ്ഞു. സുചിക്ക് അപ്പുവിനൊപ്പം പത്ത് ദിവസം മദ്രാസ് വിട്ട് കേരളത്തില്‍ വന്ന് നില്ക്കാന് ആ സമയത്ത് കഴിയുമായിരുന്നില്ല. അതുകൊണ്ട് സുചി എനിക്കൊപ്പം പ്രണവിനെ വിട്ടു. ഹോട്ടലില്‍ താമസിപ്പിക്കേണ്ട എന്റെ വീട്ടില്‍ തന്നെ താമസിപ്പിച്ചാല്‍ മതിയെന്നാണ് സുചി പറഞ്ഞത്.’ ‘അന്ന് എന്റേത് വലിയ സൗകര്യങ്ങളില്ലാത്ത ചെറിയ വീടാണ്. ഞാനാണ് അപ്പുവിനെ ഷൂട്ടിംഗിന് കൊണ്ടുപോയിരുന്നത്.
ഒരു ദിവസം അപ്പു വീട്ടിലുണ്ടായിരുന്നപ്പോള്‍ അരമണിക്കൂറോളം പവര്‍കട്ട് ഉണ്ടായി. അപ്പു അന്നാണ് ആദ്യമായി പവര്‍ക്കട്ട് കാണുന്നത്. അവന്റെ മദ്രാസിലെ വീട്ടില്‍ പവര്‍ക്കട്ട് അറിയാതിരിക്കാനുള്ള ഓട്ടോമാറ്റിക്ക് സംവിധാനമുണ്ട്.’ ‘അതുകൊണ്ട് തന്നെ പവര്‍ക്കട്ട് എന്താണെന്ന് അനുഭവിക്കാന്‍ അപ്പുവിന് സാധിച്ചിട്ടില്ല. അന്ന് അവന് വീട്ടില്‍ നിന്ന് ആദ്യമായി പവര്‍ കട്ട് കണ്ടപ്പോള്‍ ആഹ്ലാദിക്കുകയായിരുന്നു. എന്റെ അമ്മയെയൊക്കെ ഒളിച്ചിരുന്ന് പേടിപ്പിക്കുക അങ്ങനെ ഒരുപാട് കുസൃതി അവന് കാണിച്ചു.
എനിക്കൊപ്പം എന്റെ വീടിന് സമീപമുള്ള വലിയ കിണറില്‍ ചാടി കുളിക്കുകയും ചെയ്തിട്ടുണ്ട് പ്രണവ്. വെള്ളം നന്നായി ഉണ്ടായിരുന്നിട്ടും അവന് അനായാസം നീന്തി.’ ‘ആ പ്രായത്തിലെ അവന്റെ ഗട്ട്സ് എന്നെ അത്ഭുതപ്പെടുത്തി. അവന് നമ്മളോട് സ്നേഹം ഉണ്ടോ ഇല്ലയോ എന്നത് അവന് പ്രകടിപ്പിക്കില്ല. പക്ഷെ അവന്റെ നോട്ടത്തില്‍ നിന്നും നമുക്ക് മനസിലാകും. പുനര്‍ജനിയിലെ ക്ലൈമാക്സില്‍ അമ്മയുടെ ചിത കത്തിയെരിയുന്നത് കണ്ട് പ്രണവ് കരയുന്ന ഒരു സീനുണ്ട്. അന്ന് അവന് കരച്ചില് വരുന്നുണ്ടായിരുന്നില്ല.
അവസാനം ഞാന്‍ ഒരു കടുംകൈ ചെയ്തു. നീ നാട്ടില്‍ ചെല്ലുമ്പോള്‍ സുചിയെ ഇത്തരത്തിലാണ് കാണുന്നതെന്ന് സങ്കല്‍പ്പിച്ച് നോക്കൂവെന്ന് പറഞ്ഞു. അതുകേട്ടതും അവന് ഒരു ഷോക്കായി ആ മൂഡിലേക്ക് അവന് വന്ന് കരയാന്‍ തുടങ്ങി. അങ്ങനെയാണ് ക്ലൈമാക്സ് എടുത്തത്. പ്രണവിനെ ഇത്ര നന്നായി വളര്‍ത്തിയെടുത്തതില്‍ ഏറ്റവും അഭിനന്ദനം അര്‍ഹിക്കുന്നത് സുചിത്രയാണ്’, എന്നാണ് മേജര്‍ രവി പറയുന്നത്.