കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്ക ശേഖര കേന്ദ്രത്തിൽ ഉഗ്ര സ്ഫോടനം. പടക്കശാല ജീവനക്കാരൻ മരിച്ചു. വിഷ്ണു എന്നയാളാണ് മരിച്ചത്. അപകടം നടന്നയുടനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്കു മാറ്റിയ രണ്ടുപേരില്‍ ഒരാളാണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ച ഇദ്ദേഹം 11.45 ഓടെയാണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ആശുപത്രിയിലെത്തിച്ച മറ്റൊരാളും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ പടക്ക ശേഖര കേന്ദ്രത്തിലെ തൊഴിലാളികളാണെന്നു സംശയിക്കുന്നു.
സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പടക്കം ഇറക്കുന്നതിനിടെ അഞ്ചു പേര്‍ക്കാണ് ആദ്യം പരിക്കേറ്റത്. സ്ഫോടനത്തില്‍ സമീപത്തെ വീടുകളില്‍ നി്ന്നുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 16 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലുള്ളത്. ഇവരുടെ നില ഗുരുതരമല്ല. ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു. പടക്ക ശേഖര കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് അനധികൃതമായാണെന്നാണ് വിവരം.
രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ സമീപത്തെ 25ലധികം വീടുകള്‍ക്ക് സ്ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. ഇന്ന് രാവിലെ പത്തരയ്ക്കായിരുന്നു തൃപ്പൂണിത്തുറ ചൂരക്കാട് വൈഎംഎ റോഡിലുള്ള പടക്ക ശേഖര കേന്ദ്രത്തില്‍ ഉഗ്ര സ്ഫോടനം ഉണ്ടായത്.
പുതിയകാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടിനായി പടക്കം സൂക്ഷിച്ചിരുന്ന വടക്കുംഭാഗം കരയോഗത്തിന്റെ പടക്കശേഖര ശാലയിലായിരുന്നു സ്ഫോടനം . ഉത്സവത്തിന്റെ വെടിക്കെട്ടിനായി പാലക്കാട്ടു നിന്ന് വാഹനത്തില്‍ നിന്ന് കൊണ്ടുവന്ന പടക്കം ഇറക്കുന്നതിനിടെയാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്.
വാഹനം പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ മരങ്ങളും കത്തിനശിച്ചു. പടക്കം ഇറക്കുന്ന തൊഴിലാളികളാണ് പരിക്കേറ്റവര്‍. ഇവരെ തൃപ്പൂണിത്തുറയിലെയും നഗരത്തിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.സമീപത്തെ പല വീടുകളിലെയും മേല്‍ക്കൂരകളും ജനല്‍ച്ചില്ലുകളും വാതിലുകളും ഓടുകളുമൊക്കെ സ്ഫോടനത്തില്‍ തകര്‍ന്നു. ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ച് പലര്‍ക്കും പരിക്കേറ്റു.
ജനലും വാതിലുകളുമൊക്കെ തകര്‍ന്ന വീടുകളില്‍ പലതും കുപ്പിച്ചില്ലുകള്‍ ചിതറിയ നിലയിലാണ്. പല വീടുകള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ആ വീടുകളില്‍ നിന്നുള്ള ആളുകളെ ഒഴിവാക്കുകയാണ്. ഈ വീടുകളെല്ലാം ഏതു നിമിഷവും നിലംപൊത്തവുന്ന അവസ്ഥയിലാണ്. വടം കെട്ടിയാണ് പ്രദേശത്ത് ആളുകളെ നിയന്ത്രിച്ചിരിക്കുന്നത്. പലരും സ്ഫോടനശബ്ദത്തിന്റെ ആഘാത്തില്‍ നിന്ന് മുക്തരായിട്ടില്ല.
ഉഗ്ര സ്ഫോടനം കേട്ട് എന്താണെന്ന് അറിയാതെ പലരും പുറത്തേക്ക് ഇറങ്ങിയോടി. വീടുകള്‍ കുലുങ്ങുന്ന അവസ്ഥ കണ്ട് സ്ത്രീകളും കുട്ടികളും പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ഇവിടെ അടുത്തടുത്തായാണ് വീടുകള്‍ ഉള്ളത്. അതിനാല്‍ തന്നെ അപകടത്തിന്റെ വ്യാപ്തി കൂട്ടി.
ഇട റോഡുകളായതിനാല്‍ ആംബുലന്‍സ് ഉള്‍പ്പെടെയുളളവ സ്ഥലത്തേക്ക് എത്തിക്കാനും ഏറെ പ്രയാസപ്പെട്ടു. തൃപ്പൂണിത്തുറയില്‍ നിന്ന് മൂന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റുകളും തൃക്കാക്കരയില്‍ നിന്നുള്ള ഫയര്‍ യൂണിറ്റുകളും എത്തിയാണ് തീ അണച്ചത്. ഹില്‍പ്പാലസ് പോലീസും ഉദയം പേരൂര്‍ പോലീസും സ്ഥലത്തെത്തി. ലോറിയില്‍ എത്ര അളവില്‍ പടക്കം ഉണ്ടായിരുന്നുവെന്നതിനെക്കുറിച്ച് കണക്കുകള്‍ ലഭ്യമായിട്ടില്ല.
സ്വന്തം ലേഖിക