തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിക്കണമെന്ന കേന്ദ്രനിർദേശം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയില്ലാത്ത പ്രചാരണപരിപാടിയാണ് കേന്ദ്രം നിർദേശിച്ചത്. ഇത് ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കേന്ദ്ര നിർദേശത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പലരൂപത്തിൽ കേന്ദ്രസർക്കാർ ഭക്ഷ്യവിതരണ കാര്യത്തിൽ ഇടപെടുന്നുവെന്നും ഇത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തരവേളയിലാണ് ഇക്കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: റേഷൻ കടകളിലെ കേന്ദ്രസർക്കാർ ബ്രാൻഡിംഗ് കേരളത്തിൽ നടപ്പാക്കാൻ പറ്റില്ലെന്ന് കേന്ദ്രത്തെ അറിയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദീർഘകാലമായി റേഷൻ നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതിന്റെ ഭാഗമായി റേഷൻ കടകളും നിലനിൽക്കുന്നുണ്ട്. ഇതേവരെ ഇല്ലാത്ത ഒരു പുതിയ പ്രചാരണ പരിപാടിയാണ് കേന്ദ്രം നിർദേശിച്ചത്. അത് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പ്രചാരണത്തിനു വേണ്ടിയുള്ളതാണ്.
ഇക്കാര്യം ശരിയല്ലെന്ന് കേന്ദ്രസർക്കാരിനെ അറിയിക്കും. ഇത് ഇവിടെ നടപ്പാക്കാൻ വിഷമമാണെന്നും അറിയിക്കും. അതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇക്കാര്യം അറിയിക്കാൻ പറ്റില്ലേയെന്നതും പരിശോധിക്കും- മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.