ആലുവ: ആലുവ മേഖലയിലെ നിവാസികളുടെ യാത്രകളെയും നീക്കങ്ങളേയും നിരീക്ഷിച്ച് ഒരു സംഘം ആലുവ മേഖലയിൽ എത്തിയതായി സംശയം ബലപ്പെടുന്നു.
വീട്ടിൽ നിന്നും ഒരു രാത്രി മാറി നിൽക്കുന്നവരെ പ്രത്യേകമായി നിരീക്ഷിച്ച് മോഷണം നടത്തുന്നതായാണ് സൂചന. മോഷണരീതിയും സമാനമാണ്. മോഷ്ടിക്കാൻ വരുന്നവർക്ക് വീടുകളെക്കുറിച്ച് വ്യക്തമായ വിവരം കൈമാറുന്നതായും മറ്റൊരു സംഘം കവർച്ച നടത്തുന്നതായുമാണ് നിഗമനം.
കഴിഞ്ഞ ദിവസം കുട്ടമശേരിയിൽ നടത്തിയ മോഷണത്തിൽ വാതിലിന്റെ പൂട്ട് തുറക്കാനാണ് ശ്രമിച്ചത്. അതിൽ പരാജയപ്പെട്ടപ്പോഴാണ് വീട്ടിലെ തന്നെ കസിപ്പാര ഉപയോഗിച്ച് വാതിലിന്റെ താഴെ പകുതി കുത്തിപ്പൊളിച്ചത്.
എന്നാൽ ആലുവയിലെ വീട്ടിൽ ആദ്യശ്രമത്തിൽ തന്നെ വാതിൽ പൂട്ട് കുത്തിപ്പൊളിക്കാനായി. ഇതൊക്കെ സൂചിപ്പിക്കുന്നത് നഗരത്തിൽ കറങ്ങി നടന്ന് ഒരു സംഘം നിരീക്ഷിക്കുന്നെന്നാണ്.
എങ്ങുമെത്താതെ പോലീസ് അന്വേഷണം
ആലുവ: തുടർച്ചയായി രണ്ട് ദിവസം കൊണ്ട് രണ്ട് വീടുകളിൽ നിന്നായി വാതിൽ തകർത്ത് 38 പവൻ സ്വർണവും രൂപയും 32500 രൂപയും കവർന്ന സംഭവങ്ങളിൽ പോലീസ് അന്വേഷണം വഴിമുട്ടി നിൽക്കുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ച ആദ്യ സംഭവം അന്വേഷിക്കുന്നതിനിടെ ജില്ലാ പോലീസ് ആസ്ഥാനത്തിടുത്തെ വീട്ടിൽ നിന്ന് സമാന രീതിയിൽ കവർച്ച നടന്നത് പോലീസിന് തന്നെ നാണക്കേടായി.
വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം നോക്കി വെള്ളിയാഴ്ച രാത്രി കീഴ്മാട് പഞ്ചായത്തിലെ കുട്ടമശേരിയിലും ശനിയാഴ്ച്ച രാത്രി ആലുവ നഗരസഭ പരിധിയിൽ സബ് ജയിൽ റോഡിലുമുള്ള വീടുകളിലുമാണ് വാതിൽ തകർത്ത് സ്വർണവും പണവും അലമാരിയിൽനിന്ന് മോഷ്ടിച്ചത്. പിറ്റേ ദിവസം രാവിലെ വീട്ടുകാർ മടങ്ങി എത്തിയപ്പോഴാണ് രണ്ടിടത്തും മോഷണവിവരം പുറത്ത് അറിയുന്നത്.
ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ എം.എസ്. ഇലക്ട്രോണിക്സ് ഉടമയായകുട്ടമശേരി ചെങ്ങനാലിൽ മുഹമ്മദലിയുടെ വീട്ടിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കയറിയത്. വീട്ടിൽ തന്നെയുണ്ടായിരുന്ന കമ്പി പാര ഉപയോഗിച്ചാണ് വാതിലിന്റെ താഴെ പകുതി തകർത്തത്.
ആലുവ സബ് ജയിൽ റോഡിൽ ആലുവ ട്രാഫിക് പോലീസ് സ്റ്റേഷന്റെ മുന്നിലുള്ള മുൻ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായ മൂഴയിൽ വീട്ടിൽ എം.ഒ. ബാബുവിന്റെ ഇരുനില വീട്ടിലാണ് രണ്ടാമത്തെ മോഷണം നടന്നത്. മുൻവാതിൽ പൂട്ട് പൊളിച്ച് 20 പവൻ സ്വർണവും ഇരുപതിനായിരം രൂപയും കവർന്നത്.
ശനിയാഴ്ച വൈകിട്ട് ആറോടെ ബാബുവിന്റെ ഭാര്യ ലിസിയുടെ കോലഞ്ചേരിയിലെ വീട്ടിലേക്ക് കുടുംബസമേതം കൂടി പോയി. തിരിച്ച് ഞായറാഴ്ച രാവിലെയാണ് വന്നത്. അപ്പോഴാണ് വീടിൻറെ മുന്നിലെ കതകിലെ പൂട്ട് കുത്തിപ്പൊളിച്ചത് കാണുന്നത്.. നിരീക്ഷണ കാമറ ഇല്ലാത്തതിനാൽ മോഷ്ടാക്കൾ കയറിയ സമയവും വ്യക്തമല്ല.
ആദ്യ വീട്ടിലെ മോഷണം സ്ഥലത്തെപ്പോലെ എല്ലാ റൂമുകളിലും കയറി അലമാരകൾ കുത്തിതുറന്ന് വസ്ത്രങ്ങൾ അടക്കം വാരിവലിച്ചിട്ട് നിലയിലാണ്. എഎസ്പി ട്രെയിനി അഞ്ജലി, ഡിവൈഎസ്പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരെത്തി പരിശോധന നടത്തി.