ബംഗളൂരു: 350 വട്ടം ഗതാഗത നിയമം ലംഘിച്ചതിന് അടക്കേണ്ടത് 3.2 ലക്ഷം രൂപ പിഴ. ബംഗളൂരുവിലെ സുധാമനഗർ സ്വദേശി വെങ്കട്ടരാമനാണ് ഗതാഗത നിയമം പലവട്ടം ലംഘിച്ചതിനെ തുടർന്ന് പിഴ ചുമത്തപ്പെട്ടത്. ഈ പിഴതുക അടച്ചില്ലെങ്കിൽ വെങ്കിട്ടരാമനെതിരേ എഫ്ഐആർ ഫയൽ ചെയ്യുന്നതാണ്.
എന്നാൽ തനിക്ക് ഇത്രയും വലിയ തുക അടയ്ക്കാനാവില്ലെന്നും പകരം തന്റെ സ്കൂട്ടർ കൊണ്ടുപോയ്ക്കൊള്ളാനുമാണ് വെങ്കട്ടരാമൻ പോലീസിനോട് പറഞ്ഞത്. ടൂവീലർ മാർക്കറ്റിൽ 30,000 രൂപ മാത്രം വിലമതിക്കുന്ന ടൂവീലറാണ് ഇയാളുടേത്.
വെങ്കട്ടരാമന്റെ ടൂവീലർ എല്ലാ ദിവസവും ഗതാഗത നിയമം ലംഘിക്കുന്നതായി പോലീസ് വ്യക്തമാക്കുന്നു. ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിക്കുക, സിഗ്നൽ തെറ്റിക്കുക, വണ്ടി ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, വൺവേ തെറ്റിച്ച് ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് വെങ്കട്ടരാമൻ നടത്തിയത്.
പിഴക്കുടിശികയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഇയാളുടെ തുടരെയുള്ള നിയമലംഘനങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. സ്കൂട്ടറിന്റെ രജിസ്ട്രേഷൻ വിവരങ്ങളിൽ നിന്ന് വിലാസം കണ്ടുപിടിച്ചാണ് ട്രോഫിക് പോലീസ് വെങ്കട്ടരാമനെ കണ്ടെത്തിയത്.