കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഹോം ഗ്രൗണ്ടിൽ നാണംകെട്ട തോൽവി. ഐഎസ്എല്ലിലെ കന്നിക്കാരായ പഞ്ചാബ് എഫ്സിയോട് 3-1നാണ് കേരള ബ്ലാസ്റ്റേഴ്സ് തകർന്നു വീണത്.
തോൽവി ഇരന്നുവാങ്ങുന്ന പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് കളത്തിൽ കാഴ്ചവച്ചത് എന്നതാണ് വാസ്തവം. ഒരു ഗോളിന്റെ ലീഡ് നേടിയശേഷമാണ് മൂന്ന് എണ്ണം തിരികെ വാങ്ങി ബ്ലാസ്റ്റേഴ്സ് കൊന്പുകുത്തിയത്.
വിൽമർ ജോർദാൻ ഗില്ലിന്റെ ഇരട്ട ഗോൾ നേട്ടം പഞ്ചാബിന് കരുത്തായി. 42, 61 മിനിറ്റുകളിലായിരുന്നു വിൽമറിന്റെ ഗോളുകൾ. 88-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൂക്ക മജസീൻ പഞ്ചാബിന്റെ ജയം ആധികാരികമാക്കി. ഫ്രെഡി ലാൽമാവ്മ ബോക്സിനുള്ളിൽ ഹാൻഡ് വരുത്തിയതിനായിരുന്നു റഫറി ബ്ലാസ്റ്റേഴ്സിന് എതിരേ പെനാൽറ്റി വിധിച്ചത്.
ബ്ലാസ്റ്റ് ഇല്ല
പേരിൽ മാത്രം ബ്ലാസ്റ്റുമായാണ് ഇന്നലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മൈതാനംവിട്ടത്. നിർഭാഗ്യവശാൽ പഞ്ചാബിന്റെ ചില ഗോൾ ശ്രമങ്ങൾ ലക്ഷ്യം തെറ്റിയില്ലായിരുന്നെങ്കിൽ കൊച്ചി ടീമിന്റെ തോൽവി ഇതിലും ദയനീയമാകുമായിരുന്നു.
16 ഷോട്ടുകളാണ് പഞ്ചാബ് എഫ്സി കേരള ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്ത് തൊടുത്തത്. അതിൽ ആറ് എണ്ണം ലക്ഷ്യത്തിലേക്കുള്ളതായിരുന്നു. അതേസമയം, കേരള ബ്ലാസ്റ്റേവ്സ് 11 ഷോട്ട് തൊടുത്തതിൽ മൂന്ന് എണ്ണം മാത്രമായിരുന്നു ലക്ഷ്യത്തിലേക്കുണ്ടായിരുന്നത്.
ഒത്തിണക്കമില്ലാത്ത ബ്ലാസ്റ്റേഴ്സിനെയാണ് കളത്തിൽ കണ്ടത്. ലഭിച്ച അവസരം മുതലാക്കാൻ ഡൈസുകെ സകായിക്കും ദിമിത്രിയോസ് ഡയമാന്റകോസിനും സാധിക്കാതിരുന്നതും കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിൽ നിർണായകമായി.
നാലാം തോൽവി
കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണ്. കഴിഞ്ഞ മത്സരത്തിൽ ഒഡീഷ എഫ്സിയോടും ലീഡ് നേടിയശേഷം ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. 14 മത്സരങ്ങളിൽനിന്ന് 26 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 15 മത്സരം കളിച്ച ഒഡീഷ (31), 12 മത്സരം പൂർത്തിയാക്കിയ എഫ്സി ഗോവ (28) എന്നീ ടീമുകളാണ് ഒന്നും രണ്ടും സ്ഥാനത്ത്.