കോഴഞ്ചേരി: ജി ആന്‍ഡ് ജി ഫൈനാന്‍സിയേഴ്സ് തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുക്കും. പ്രതികള്‍ക്കെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ജി ആന്‍ഡ് ജി ഫൈനാന്‍സിയേഴ്സ് ഉടമ ഡി. ഗോപാലകൃഷ്ണന് മാനേജിംഗ് പാര്‍ട്നേഴ്സായ ഭാര്യ സിന്ധു, മകന് ഗോവിന്ദ് ഇവര്‍ക്കെതിരേയാണ് ലുക്ക്ഔട്ട് നോട്ടീസുള്ളത്. റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ട്രാന്‍സ്പോര്‍ട്ട് ഗാരേജുകള്‍, ബോട്ടുജെട്ടി എന്നിവിടങ്ങളിലെല്ലാം പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒരാഴ്ച മുമ്പാണ് പുല്ലാട് കേന്ദ്രമായ ജി ആന്‍ഡ് ജി ഫൈനാന്‍സിയേഴ്സ് ഉടമ ഗോപാലകൃഷ്ണന് നായരും കുടുംബവും മുങ്ങിയത്. കോടി കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുള്ള ഇവര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് പണം തിരികെ നല്‍കാതെയാണ് മുങ്ങിയിരിക്കുന്നത്.
ജി ആന്‍ഡ് ഫൈനാന്‍സിയേഴ്സിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പുല്ലാട് കോയിപ്രം പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ചാണ് ഇതേവരെ അന്വേഷണം നടന്നിരുന്നത്. കോയിപ്രം സ്റ്റേഷന് പരിധിയില്‍ മാത്രം അമ്പതോളം പരാതികള്‍ ലഭിച്ചിരുന്നു.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനിലും സമീപ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും നിരവധി പരാതികളാണ് ദിവസവും ലഭിക്കുന്നത്.
100 കോടിയിലേറെ രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടു പരാതികളുണ്ട്. കൂടാതെ ജില്ലാ പോലീസ് മേധാവിക്കും പരാതികള്‍ ലഭിക്കുന്നുണ്ട്. പരാതികള്‍ ക്രോഡീകരിച്ച് അന്വേഷിക്കുന്നതിനായാണ് ക്രൈംബ്രാഞ്ച് വിഭാഗത്തെ ഏല്പിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ച് കോയിപ്രം എസ്എച്ച്ഒയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്കു കത്തു നല്‍കിയിരുന്നു. ജി ആന്‍ഡ് ജി തട്ടിപ്പു സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രാഥമികാന്വേഷണം നടത്തിയിട്ടുണ്ട്.