ലണ്ടൻ: കാൻസർ ബാധയെത്തുടർന്നു ബ്രിട്ടീഷ് രാജാവ് ചാൾസ് വിദഗ്ധ ചികിത്സയിലാണ്. 75കാരനായ ചാൾസിന്റെ രോഗവാർത്ത പരന്നതിനോടൊപ്പം ബ്രിട്ടീഷ് രാജകുടുംബത്തെക്കുറിച്ച് പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ് നടത്തിയ പ്രവചനങ്ങളും ചർച്ചയായിരിക്കുകയാണ്. ചാൾസ് രാജാവ് സ്ഥാനമൊഴിയാനും ഹാരി രാജകുമാരൻ സിംഹാസനം ഏറ്റെടുക്കാനും സാധ്യതയുണ്ടെന്ന് 1555ലെ നോസ്ട്രഡാമസിന്റെ “പ്രവചനങ്ങൾ’ ഉദ്ധരിച്ച് ചിലർ ചൂണ്ടിക്കാട്ടുന്നു.
“നോസ്ട്രഡാമസ്: ദ കംപ്ലീറ്റ് പ്രൊഫസീസ് ഫോർ ദ ഫ്യൂച്ചർ’ എന്ന പുസ്തകം എഴുതിയ ബ്രിട്ടീഷ് എഴുത്തുകാരൻ മരിയോ റീഡിംഗ് നടത്തിയ വിശകലനം ഇതിൽ ശ്രദ്ധേയമായി. “വിവാഹമോചനത്തെത്തുടർന്നു ജനങ്ങൾ യോഗ്യനല്ലെന്നു കരുതിയ ഒരു മനുഷ്യൻ രാജാധികാരത്തിൽനിന്നു പുറത്താകും.
രാജാവാകുമെന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മനുഷ്യൻ പകരം വരും.’ എന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം വ്യാഖാനിച്ച് റീഡിംഗ് വ്യക്തമാക്കുന്നത്.രാജകൊട്ടാരവുമായി പിണങ്ങിക്കഴിയുന്ന ചാൾസിന്റെ മകൻ ഹാരി രാജകുമാരൻ പിതാവിന്റെ രോഗവാർത്തയറിഞ്ഞു ലണ്ടനിലെത്തിയതോടെ അഭ്യൂഹങ്ങൾക്കു ശക്തിയേറി.
രാജകീയ ജീവിതം ഉപേക്ഷിച്ച ഹാരി, ഭാര്യയും നടിയുമായ മേഗനും കുട്ടികൾക്കുമൊപ്പം കാലിഫോർണിയയിലാണു താമസം. ഹാരിയുടെ “സ്പെയർ’ എന്ന ആത്മകഥയിൽ കൊട്ടാരത്തെക്കുറിച്ചും സഹോദരൻ വില്യം രാജകുമാരനെക്കുറിച്ചുമുള്ള തുറന്നുപറച്ചിലുകൾ വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു.
ചാൾസിന്റെ അനാരോഗ്യം അച്ഛനും മകനും തമ്മിലുള്ള അടുപ്പത്തിനു വഴിതുറന്നേക്കാമെങ്കിലും സിംഹാസനത്തിന്റെ അവകാശിയായ സഹോദരൻ വില്യം രാജകുമാരനുമായുള്ള ഭിന്നത പരിഹരിക്കുന്നത് എളുപ്പമായിരിക്കില്ലെന്നു നിരീക്ഷകർ പറയുന്നു.
2022ലെ എലിസബത്ത് രാജ്ഞിയുടെ മരണം ഉൾപ്പെടെ, ബ്രിട്ടീഷ് രാജകുടുംബത്തെക്കുറിച്ച് നിരവധി പ്രവചനങ്ങൾ നടത്തിയുള്ള ജ്യോതിഷിയാണ് നോസ്ട്രഡാമസ്. പ്രവചനം ഫലിക്കുമോ എന്നു കാത്തിരുന്നു കാണാം.