അഹമ്മദാബാദ്: മാസം 25,000 രൂപ ശമ്പളത്തിൽ മൊബൈൽ ഫോണുകൾ മോഷ്ടിക്കാൻ ജോലി ചെയ്തിരുന്ന രണ്ടു പേർ പോലീസ് പിടിയിൽ. അവിനാഷ് മഹാതോ(19) ശ്യാം കുർമി(26) എന്നിവരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 50 മൊബൈൽ ഫോണുകളാണ് പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഇതിൽ 29 ഐ ഫോണുകളും ഒമ്പത് വൺപ്ലസ് ഫോണുകളും ഉൾപ്പെടുന്നു.
കണ്ടെടുത്ത ഫോണുകളുടെ മൂല്യം ഏകദേശം 20.60 ലക്ഷം രൂപയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അവിനാഷും ശ്യാമും ജാർഖണ്ഡിൽ കൂലിപ്പണിക്കാരാണ്. അവിനാഷിന്റെ ജ്യേഷ്ഠൻ പിന്റു മഹോതയും രാഹുൽ മഹോതയും ഗുജറാത്തിൽ മൊബൈൽ മോഷണങ്ങളിൽ ഏർപ്പെട്ടിരുന്നു.
ഇത്തരത്തിൽ മോഷ്ടിക്കപ്പെടുന്ന മൊബൈൽ ഫോണുകൾ അൺലോക്ക് ചെയ്ത് നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും ഇവർ അയയ്ക്കുകയാണ്. രാഹുലും പിൻ്റുവുമാണ് അവിനാഷിനെയും ശ്യാമിനെയും മോഷണ രംഗത്തേക്ക് കൊണ്ടുവന്നത്. ഇവർക്ക് 25,000 രൂപ പ്രതിമാസം സ്ഥിര ശമ്പളം നൽകാമെന്നും ഇവർ വാഗ്ദാനം നൽകി. 45 ദിവസം തിരക്കേറിയ സ്ഥലങ്ങളിൽ പോയി ഫോൺ മോഷ്ടിക്കുന്നതിന് പരിശീലനവും ഇവർ നൽകിയതായി പോലീസ് പറഞ്ഞു.
തിരക്കേറിയ സ്ഥലങ്ങളിൽ രണ്ടുപേരടങ്ങുന്ന സംഘങ്ങളായി എത്തുകയും ഒരാൾ ബാഗുമായി ദൂരെ നിൽക്കുകയും ചെയ്യും. ഫോൺ എടുത്ത് ഒന്നാമൻ രണ്ടാമത്തെ ആൾക്ക് കൈമാറും. രണ്ടാമനാകട്ടെ ബാഗുമായി ആൾക്കൂട്ടത്തിലേക്ക് പോകും. ഇതിൽ ആരെങ്കിലും പിടിക്കപ്പെട്ടാൽ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയും ചെയ്യും. അഹമ്മദാബാദ്, ഗാന്ധിനഗർ, വഡോദര, ആനന്ദ്, രാജ്കോട്ട് എന്നിവിടങ്ങളിൽ ഇത്തരം മോഷണങ്ങൾ നടത്തിയതായി ഇരുവരും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇവർക്ക് താമസിക്കാനായി സൂറത്ത് റെയിൽവേ സ്റ്റേഷന് സമീപം വീട് നൽകിയിരുന്നു. ഈ മേഖലകളിൽ നിന്നും മൊബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ട് 19 പരാതികളാണ് രജിസ്റ്റർ ചെയ്തത്.