ബറോഡ; 1947 മുതൽ 1961 വരെ രഞ്ജി ട്രോഫിയിൽ ബറോഡയുടെ താരമായിരുന്നു ദത്താജിറാവു ഗെയ്ക്വാദ്.രഞ്ജി ട്രോഫിയിലായിരുന്നു ദത്താജിറാവുവിന്റെ മിന്നും പ്രകടനങ്ങൾ. 14 സെഞ്ചുറി അടക്കം 3139 റണ്‍സ് രഞ്ജിയിൽ നേടി. 1959-60 രഞ്ജി ട്രോഫി സീസണിൽ മഹാരാഷ്ട്രയ്ക്ക് എതിരേ നേടിയ 249 നോട്ടൗട്ട് ആയിരുന്നു ഫസ്റ്റ് ക്ലാസിൽ ദത്താജിറാവുവിന്റെ ഉയർന്ന സ്കോർ.
രാജ്യാന്തര കരിയറിൽ തന്റെ പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതിരുന്ന കളിക്കാരനാണ്. 11 ടെസ്റ്റിൽനിന്ന് 350 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിനു നേടാൻ സാധിച്ചത്. 110 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 17 സെഞ്ചുറിയും 23 അർധസെഞ്ചുറിയും അടക്കം 5788 റണ്‍സ് അദ്ദേഹം സ്വന്തമാക്കി.
1957-58 സീസണിൽ ബറോഡയെ രഞ്ജി ട്രോഫി കിരീടത്തിൽ എത്തിച്ച ക്യാപ്റ്റനുമായി. ഒന്‍പത് വർഷത്തിനിടെ ബറോഡയുടെ ആദ്യ കിരീടമായിരുന്നു അത്. സർവീസസിന് എതിരായ ഫൈനലിൽ സെഞ്ചുറിയും അന്ന് ദത്താജിറാവു സ്കോർ ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ദത്താജിറാവു ഗെയ്ക്വാദ് (95 വിടവാങ്ങുമ്പോൾ ഇന്ത്യയിൽ ജീവിച്ചിരുന്നവരിൽ പ്രായം കൂടിയ ടെസ്റ്റ് കളിക്കാരനായിരുന്നു. വാർധക്യസഹജമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യൻ മുൻ താരവും പരിശീലകനുമായിരുന്ന അൻഷുമാൻ ഗെയ്കവാദിന്റെ അച്ഛനാണ്.
ഇന്ത്യക്കായി 11 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാലു മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റനായി. 11 കളികളിൽനിന്ന് 350 റണ്‍സെടുത്തിട്ടുണ്ട്. 1952 ൽ ലീഡ്സിൽ ഇംഗ്ലണ്ടിനെതിരേയാണ് ഗെയ്ക്വാദ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 1959ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ക്യാപ്റ്റനായി. 1961 ൽ ചെന്നൈയിൽ നടന്ന പാക്കിസ്ഥാനെതിരായ മത്സരമാണ് ഒടുവിൽ കളിച്ചത്. 52 റണ്‍സാണ് ഉയർന്ന സ്കോർ.
2016ലാണ് ഇന്ത്യയിലെ പ്രായം കൂടിയ ക്രിക്കറ്റ് താരമെന്ന റിക്കാർഡിന് ഉടമയായത്. മുൻ ബാറ്റർ ദീപക് ഷൊദാൻ 87-ാം വയസിൽ അന്തരിച്ചപ്പോഴായിരുന്നു ഇത്.
ഗെയ്ക്വാദിന്റെ നിര്യാണത്തോടെ 93 വർഷവും 349 ദിവസവും പ്രായമുള്ള ചിംഗൽപുട്ട് ഗോപിനാഥാണ് ഇനി ഇന്ത്യയിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റർ.