ലക്നൗ: വ്യാജ ഹലാൽ സര്‍ട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് നാല് പേരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന പേരിൽ മുംബൈയിൽ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഭാരവാഹികളാണ് അറസ്റ്റിലായത്.
ഉത്പന്നങ്ങള്‍ പരിശോധിക്കുകയോ സാമ്പിളുകള്‍ ശേഖരിക്കുകയോ സ്ഥാപനം സന്ദർശിക്കുകയോ അവിടുത്തെ പ്രവര്‍ത്തനം നിരീക്ഷിക്കുകയോ ചെയ്യാതെ നിശ്ചിത തുക വാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ നൽകുകയായിരുന്നു എന്ന് കണ്ടെത്തിയതായി ലക്നൗ സ്പെഷൽ ടാസ്ക് ഫോഴ്സ് എഡിജിപി അമിതാഭ് യാഷ് പറഞ്ഞു.
ഹലാൽ സര്‍ട്ടിഫിക്കറ്റുകള്‍ നൽകാൻ ഏതെങ്കിലും സർക്കാരിൽനിന്നുള്ള യാതൊരു അംഗീകാരവും ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് കമ്പനികളിൽനിന്ന് ഹലാൽ സർട്ടിഫിക്കറ്റിനെന്ന പേരിൽ പണം വാങ്ങിയ സംഭവത്തിലാണ് നടപടി.
ഹലാൽ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഒരു വിഭാഗം ഉപഭോക്താക്കൾ അവരുടെ ഉത്പന്നങ്ങള്‍ വാങ്ങില്ലെന്നും അതുമൂലം വിപണിയിൽ വലിയൊരു വിഹിതം നഷ്ടമാവുമെന്നും ഈ കമ്പനികളെ വിശ്വസിപ്പിച്ച് പണം വാങ്ങുകയായിരുന്നു എന്നാണ് പോലീസിന് വിവരം ലഭിച്ചത്. ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ, സെക്രട്ടറി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.