കൊച്ചി: ആലുവയില്‍ ഓട്ടോറിക്ഷയില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെ കാര്‍ ഇടിച്ച് തെറിപ്പിച്ചശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ ഡ്രൈവറെ തിരിച്ചറിഞ്ഞു. കാര്‍ ഓടിച്ചത് വാഹനത്തിന്റെ ഉടമയുടെ സുഹൃത്താണെന്ന് പോലീസ്.
സംഭവത്തില്‍ നെടുമ്പാശേരി സ്വദേശി ഷാന്‍ പിടിയിലായി. കാറിന്റെ ഉടമയായ രജനിയുടെ സുഹൃത്താണ് ഇയാളെന്ന് ആലുവ ഡിവൈഎസ്പി എ. പ്രസാദ് പറഞ്ഞു. നേരത്തെ, കാര്‍ ഓടിച്ചത് ബന്ധുവാണെന്നായിരുന്നു രജനി പറഞ്ഞിരുന്നത്. അപകടവുമായി ബന്ധപ്പെട്ട് രജനിയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം രാവിലെ കുട്ടമശേരിയിലാണ് ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് കാര്‍ കയറി ഇറങ്ങിയത്. ഗുരുതരമായി പരിക്കേറ്റ വാഴക്കുളം സ്വദേശി നിഷികാന്ത്(ഏഴ്) ആശുപത്രിയില്‍ ചികിത്സയിലാണ്.
അച്ഛന് പ്രജിത്ത് ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ പിന്നിലിരുന്ന കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഓട്ടോയില്‍ നിന്ന് റോഡിലേക്ക് വീണ കുട്ടി എഴുന്നേല്ക്കാന് ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോയി.
അപകടത്തില്‍ പോലീസിന്റെ അലംഭാവം വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കൈമാറിയിട്ടും വാഹനം കണ്ടെത്താന്‍ നടപടി സ്വീകരിച്ചിരുന്നില്ല. ഇന്‍സ്പെകടര്‍ക്ക് രേഖാമൂലം പരാതി നല്‍കാനാണ് പോലീസുകാര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച രാവിലെ 10 ന് കാര്‍ കണ്ടെത്തിയത്.