കോട്ടയം: എന്‍സിപിയുടെ മന്ത്രി എ.കെ. ശശീന്ദ്രനെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപിയുടെ ഔദ്യോഗിക വിഭാഗം മുഖ്യമന്ത്രിക്ക് കത്തു നല്കി. ഔദ്യോഗിക വിഭാഗം എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റ് എന്‍. എ. മുഹമ്മദുകുട്ടിയാണ് ഇന്നു രാവിലെ നിയമസഭ ചേംബറിലെത്തി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്.
ദേശീയതലത്തില്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗിക വിഭാഗമായി അംഗീകരിക്കുകയും ഔദ്യോഗിക ചിഹ്നം അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന അജിത് പവാര്‍ വിഭാഗം മന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഔദ്യോഗിക എന്‍സിപി വിഭാഗം എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നും എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാണമന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കേരളത്തില്‍ ബാധകമല്ലെന്നും മന്ത്രി സ്ഥാനത്തു നിന്നു താന്‍ മാറില്ലെന്നും താന്‍ പവാറിനൊപ്പമാണെന്നും ശശീന്ദ്രന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ശശീന്ദ്രന്റെ ഈ തീരുമാനം പാര്‍ട്ടി തീരുമാനത്തിനെതിരാണെന്നും അയോഗ്യത കല്പിക്കുന്നതുള്പ്പെടെയുളള നടപടികളിലേക്ക് നീങ്ങുമെന്നും എന്‍. എ. മുഹമ്മദുകുട്ടി പറഞ്ഞു.പി.സി. ചാക്കോ എന്‍സിപിയുടെ പ്രസിഡന്റായതുമുതല്‍ എന്‍സിപിയില്‍ എന്‍. എ. മുഹമ്മദുകുട്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസും ഈ വിഭാഗത്തിനൊപ്പമായിരുന്നു.
കഴിഞ്ഞ മന്ത്രിസഭ പുനഃസംഘടനില് തനിക്ക് മന്ത്രിസ്ഥാനം വേണമെന്ന് തോമസ് കെ. തോമസ് ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭാ രൂപീകരണ സമയത്ത് രണ്ടര വര്‍ഷം എന്ന കരാര്‍ ഉണ്ടായിരുന്നു എന്നായിരുന്നു തോമസ് കെ. തോമസിന്റെ വാദം. എന്നാല്‍ ഇങ്ങനെയൊരു കരാറും ഇല്ലെന്നും ശശീന്ദ്രന് മന്ത്രിയായി തുടരുമെന്നാണ് പി.സി. ചാക്കോയും എന്‍സിപി സംസ്ഥാന നേതൃത്വവും കൈകൊണ്ടത്.
ആലപ്പുഴയിലെ പാര്‍ട്ടി ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാക്കോയും തോമസ് കെ. തോമസും രൂക്ഷമായ ഭിന്നതയിലുമായിരുന്നു. എന്‍സിപിയുടെ വര്‍ക്കിംഗ് കമ്മറ്റിയംഗവും ദേശീയ സെക്രട്ടറിയുമായ എന്‍.എ. മുഹമ്മദുകുട്ടിയുടെ നേതൃത്വത്തില്‍ എന്‍സിപി അജിത് പവാര്‍ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തനം നടത്തി വരുന്നതിനിടിയാലാണ് കഴിഞ്ഞ ദിവസം എന്‍സിപിയുടെ ഔദ്യോഗിക വിഭാഗമായി അജിത് പവാര്‍ വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചത്.
ഇതോടെ എന്‍.എ. മുഹമ്മദുകുട്ടി അജിത് പവാറിനൊപ്പം ചേരുകയും പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി മുഹമ്മദുകുട്ടിയെ അജിത് പവാര്‍ നിയമിക്കുകയുമായിരുന്നു. മന്ത്രിയെ മാറ്റണമെന്ന കത്തു നല്കിയ ശേഷം ഉടന്‍ എന്‍സിപിയുടെ ത്രിതല പഞ്ചായത്ത്, നഗരസഭ മെംബര്‍മാരെയും സഹകരണ മെംബര്‍മാരെയും വിളിച്ചു ചേര്‍ക്കുമെന്നും ഔദ്യോഗിക വിഭാഗത്തിനൊപ്പം നിന്നില്ലെങ്കില്‍ ഇവര്‍ക്കെതിരേ അയോഗ്യത ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എന്‍.എ. മുഹമ്മദുകുട്ടി രാഷ്ട്രദീപികയോടു പറഞ്ഞു.
ജിബിന്‍ കുര്യന്