കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ ഏറിയാല്‍ രണ്ടാഴ്ചമാത്രം. കോട്ടയത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ തോമസ് ചാഴികാടന് ജനസമ്പര്‍ക്കം സജീവമാക്കി.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം ചെയര്മാന് ജോസ് കെ. മാണിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തില്‍ തിരുനക്കരയില്‍ രണ്ടില വരച്ചാണ് ജോസ് കെ. മാണിയും റോഷിയും ചുവരെഴുത്തു പ്രചാരണത്തിനു തുടക്കമിട്ടത്.
ഇന്നലെ കോട്ടയം, കുമരകം, മേലുകാവ്, ഉഴവൂര്‍, കുടമാളൂര്‍ എന്നിവിടങ്ങളില്‍ തോമസ് ചാഴികാടന് വിവിധ പരിപാടികളില്‍ പങ്കെടുത്തു. മണ്ഡലത്തിലുടനീളം പ്രവര്‍ത്തകര്‍ ചുവരെഴുതാനുള്ള ഒരുക്കത്തിലാണ്. ഇന്നും രാവിലെ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പര്യടനത്തിലാണ്.
വൈകുന്നേരങ്ങളില്‍ നടക്കുന്ന എല്‍ഡിഎഫിന്റെ ബൂത്തുതല യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ തോമസ് ചാഴികാടന് 1.7 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. കഴിഞ്ഞ 10നു എല്‍ഡിഎഫ് യോഗം ചേര്‍ന്നു കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കിയിരുന്നു.
തോമസ് ചാഴികാടന് രാഷ്ട്രദീപികയോട്
കാലുമാറ്റ ആരോപണത്തിനു മറുപടി
ഒരൊറ്റ ചിഹ്നത്തില്‍ മാത്രമേ ഞാന്‍ മല്സരിച്ചിട്ടുള്ളു. ഒരു പാര്‍ട്ടിയില്‍ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളു. ഏഴ് തവണയാണ് ഇതുവരെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുള്ളത്. ഏഴും ഒറ്റ ചിഹ്നത്തിലും ഒരു പാര്‍ട്ടിയിലുമായിരുന്നു. എട്ടാം തവണ മല്‍സരിക്കുന്നതും രണ്ടില ചിഹ്നത്തിലും കേരള കോണ്‍ഗ്രസ് എമ്മിലുമാണ്.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം
പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം താന്‍ ശിരസാ വഹിക്കുകയാണ്. 1991ല്‍ കെ.എം. മാണിയാണ് അനുജന് ബാബു ചാഴികാടന്റെ അകാലവിയോഗത്തിനു പിന്നാലെ എന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത്. കഴിഞ്ഞ ഏഴു തരഞ്ഞെടുപ്പിലും ഏല്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കാനായതില്‍ ചാരിതാര്‍ഥ്യമുണ്ട്.
അനുകൂല സാഹചര്യം
കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തനം നടത്താനായി. എംപി ഫണ്ട് 100 ശതമാനവും വിനിയോഗിച്ച് 282 പദ്ധതികള്‍ പൂര്‍ത്തിയാക്കി.
940 കോടിയുടെ െയില്‍വേ വികസനം, ആധുനിക നിലവാരത്തിലുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രം, 92 കിലോമീറ്ററിലേറെ ഗ്രാമീണ റോഡുകള്‍ എന്നിവ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ആത്മ വിശ്വാസത്തോടെയാണ് ജനങ്ങളുടെ മുന്നിലേക്ക് വീണ്ടും വോട്ടുതേടി എത്തുന്നത്.