തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും. സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്സിഡി 35 ശതമാനമാക്കി കുറച്ചു. എട്ട് വര്‍ഷത്തിനുശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില.
ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിക്കുക.
വിദഗ്ധ സമിതി ശിപാർശ പ്രകാരമാണ് വില വർധന. നേരത്തെ സാധനങ്ങളുടെ വില കൂട്ടാൻ ഇടതുമുന്നണി യോഗത്തിലും ധാരണയായിരുന്നു.
സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വിലവര്‍ധനയില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍. വിലവര്‍ധന സപ്ലൈക്കോയെ രക്ഷിക്കാനുള്ള ചെറിയ നീക്കമാണെന്ന് മന്ത്രി പ്രതികരിച്ചു.
കുടിശിക നല്കിയാല് പോലും പ്രതിസന്ധി പരിഹരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. 2016ലെ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം അനുസരിച്ചാണ് അഞ്ച് വര്‍ഷക്കാലം വിലയില്‍ മാറ്റം വരുത്താതിരുന്നത്. പത്ത് വര്‍ഷത്തിന് മുമ്പുള്ള അതേ വിലയാണ് ഇപ്പോഴും തുടരുന്നത്.
സപ്ലൈക്കോ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സപ്ലൈകോ നിലവില്‍ വന്ന നാള് മുതലുള്ള കണക്ക് പരിശോധിച്ചാല്‍ മാര്‍ക്കറ്റ് വിലയില്‍ നിന്ന് ചെറിയ വിലവ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിപണിവില മാറുന്നത് അനുസരിച്ച് മൂന്ന് മാസം കൂടുമ്പോള്‍ വില ക്രമീകരിക്കും. വിലവർധന ജനങ്ങളെ ബാധിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു.
സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമാനിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്സിഡി 35 ശതമാനമാക്കിയാണ് കുറച്ചത്. വിദഗ്ധ സമിതിയുടെ ശിപാർശയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു.