കൊല്ലം: യുഎസിലെ കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത മാറുന്നില്ല. കൊല്ലം പട്ടത്താനം സ്വദേശി ആനന്ദ് സുജിത് ഹെൻട്രി (42) ഭാര്യ ആലീസ് പ്രിയങ്കയെ (40) വെടിവച്ച് കൊലപ്പെടുത്തി എന്ന കാര്യം മാത്രമാണ് സാൻ മറ്റെയോ പോലീസ് സ്ഥിരീകരിക്കുന്നത്. കുട്ടികളുടെ മരണ കാരണം സംബന്ധിച്ച് വ്യക്തത വരുത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടുമില്ല.
കുട്ടികളെ ശ്വാസം മുട്ടിച്ചോ കഴുത്ത് ഞെരിച്ചോ കൊലപ്പെടുത്തിയതാകാമെന്നാണ് ഒരു നിഗമനം. എന്നാൽ കുട്ടികളുടെ ശരീരത്തിൽ അത്തരത്തിലുള്ള പരിക്കുകൾ ഒന്നും പുറമേ കാണാൻ കഴിഞ്ഞില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മക്കൾക്ക് അമിതമായ രീതിയിൽ മരുന്നുകളോ മറ്റ് രാസവസ്തുക്കളോ നൽകിയതാകാമെന്ന സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല.ഫോറൻസിക് പരിശോധനാ റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇതുവരെ പോലീസിന് ലഭിച്ചിട്ടുമില്ല.
ആനന്ദ് സുജിത്തിന്റേത് ആത്മഹത്യയും മറ്റ് മൂന്നു പേരുടേത് കൊലപാതകവും എന്ന നിലയിൽ തന്നെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇങ്ങനെയൊരു കൃത്യം നടത്താൻ ആനന്ദിനെ പ്രേരിപ്പിച്ച ഘടകം എന്താണന്ന കാര്യത്തിലും പോലീസിന് സൂചനകൾ ഒന്നും ലഭിച്ചില്ല. വീട് പോലീസ് വിശദമായി പരിശോധിച്ചെങ്കിലും ആത്മഹത്യാ കുറിപ്പോ മറ്റോ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
അയൽക്കാരുമായി കുടുംബം നല്ല സൗഹൃദത്തിലായിരുന്നു എന്നാണ് അവിടത്തെ മലയാളികൾ അടക്കമുള്ളവർ പറയുന്നത്.എന്നാൽ ദമ്പതികൾ തമ്മിൽ ചില പൊരുത്തക്കേടുകൾ നില നിന്നിരുന്നതായി പറയപ്പെടുന്നു. ഇവരുടെ വീട്ടിലേക്ക് ഇതിന്റെ ഭാഗമായി പോലീസ് പല തവണ വിളിച്ചിരുന്നതായും സൂചനകൾ ഉണ്ട്.
ആനന്ദ് നേരത്തേ തന്നെ തോക്ക് വാങ്ങിവച്ചിരുന്നു എന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ അത് എന്തിന് വേണ്ടിയായിരുന്നു എന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്. ആനന്ദിന് ശത്രുക്കൾ ആരും ഇല്ല എന്നാണ് ബന്ധുക്കളുടെ നിഗമനം. ഈ സാഹചര്യത്തിൽ ഇയാൾ തോക്ക് കൈവശം വച്ചതിലും പോലീസിന് സംശയങ്ങളുണ്ട്. കൊലപാതകം നേരത്തേ തന്നെ ആസൂത്രണം ചെയ്തുവെന്ന സംശയമാണ് ഇതിൽ നിന്ന് ബലപ്പെടുന്നത്.
കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന ആലീസ് പ്രിയങ്കയുടെ അമ്മ ഈ മാസം 11-നാണ് നാട്ടിൽ തിരിച്ചെത്തിയത്. അവർ മടങ്ങിയതിന് ശേഷമാണ് കൊലപാതകം നടന്നിരിക്കുന്നത്. ദമ്പതികൾ നേരത്തേ വിഹാഹ മോചനത്തിന് കോടതിയെ സമീപിച്ചെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറുകയായിരുന്നു എന്നാണ് വിവരം. ഇതിനുള്ള കാരണവും വ്യക്തമല്ല.
നാലുപേരുടെയും മൃതദേഹങ്ങൾ നാട്ടിൽ കൊണ്ട് വരണമെന്നാണ് ബന്ധുക്കളുടെ ആഗ്രഹം. ആനന്ദിന്റെ ദുബായിലുള്ള സഹോദരൻ അജിത് ഇതിനായി കാലിഫോർണിയയിൽ എത്തിയിട്ടുണ്ട്. തുടർ നടപടികൾ പൂർത്തിയാക്കി പോലീസ് മൃതദേഹങ്ങൾ എപ്പോൾ വിട്ടുകൊടുക്കും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
എസ്.ആർ. സുധീർ കുമാർ