താരാട്ട് പാടി അമ്മമാർ മക്കളെ ഉറക്കാറുണ്ട്. അമ്മയുടെ മാധുര്യമുള്ള ശബ്ദത്തിൽ പാടുന്ന പാട്ട് കേട്ടാൽ അറിയാതെ ഉറക്കത്തിലേക്ക് നമ്മൾ വഴുതി വീഴും. ജീവിതകാലം മുഴുവൻ അമ്മയുടെ പാട്ട് കേട്ട് ഉറങ്ങണമെന്നാണ് എല്ലാ മക്കളും ആഗ്രഹിക്കുന്നത്. എന്നാൽ അമ്മ താരാട്ട്പാട്ട് നമുക്ക് വേണ്ടി പാടുന്പോൾ അത് അമ്മയുടെ അവസാന പാട്ടാണെന്നറിഞ്ഞാൽ എന്താകും അവസ്ഥ.
അത്തരത്തിൽ ഒരമ്മയുടെ അവസാന താരാട്ട് പാട്ടാണ് യൂട്യൂബിൽ വൈറലാകുന്നത്. ക്യാറ്റ് ജാനിസ് എന്ന 31 കാരിയായ അമ്മയുടെ പാട്ടാണിത്. 2021ൽ ജാനിസിന് കഴുത്തില്‍ ഒരു മുഴ കണ്ടെത്തി. പരിശോധനയില്‍ അത് സാർക്കോമ കാന്‍സറാണെന്ന് തിരിച്ചറിഞ്ഞു. അസ്ഥിയെയും ടിഷ്യുവിനെയും ബാധിക്കുന്ന അപൂർവ ട്യൂമറാണ് സാര്‍ക്കോമ. തുടർന്ന് ചികിത്സയുമായി മുന്നോട്ട് പോയി. എന്നാൽ 2023 ജൂണില്‍ ഇവരെ തേടി മറ്റൊരു ദുരന്ത വാർത്തയെത്തി. ശ്വാസകോശത്തിലും ജാനിസിന് കാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.
അതിനു പിന്നാലെ ക്യാറ്റ് ജാനിസ് പാട്ടുകളില്‍ ആശ്വാസം കണ്ടെത്തി. ജാനിസിന്റെ പാട്ടുകള്‍ അവര്‍ തന്നെ വീഡിയോ ചെയ്ത് യൂട്യൂബില്‍ അപ് ചെയ്തു. അങ്ങനെയിരിക്കെ 2024 ജനുവരി 10-ന് സ്വതന്ത്രമായി ശ്വസിക്കാന്‍ ക്യാറ്റിന് പ്രയാസം തോന്നി. പിന്നാലെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ ദിനങ്ങൾ എണ്ണപ്പെട്ടെന്ന് മനസിലാക്കിയതോടെ അവസാനമായി തനിക്ക് തന്റെ മകനു വേണ്ടിയൊരു താരാട്ട് പാട്ട് പാടണമെന്ന് ആഗ്രഹമുണ്ടെന്ന് ഡോക്ടറോട് പറഞ്ഞു.
അങ്ങനെ ജനുവരി 28 ന് ഡാൻസ് ഔട്ടമൈഹെഡ് എന്ന പാട്ട് പാടുകയും അത് യൂട്യൂബില്‍ പങ്കുവയ്ക്കുകയും ചെയ്തു. പാട്ട് പെട്ടെന്ന് തന്നെ വൈറലായി. യൂട്യൂബില്‍ മാത്രം പതിനൊന്ന് ലക്ഷം പേരാണ് ക്യാറ്റ് ജാനിസിന്റെ പാട്ട് കേട്ടത്.