ഇളംമഞ്ഞ് പൊഴിയുന്നതുപോലെ നൂറുകണക്കിന് മലയാള ഗാനങ്ങൾ പാടിയിട്ടുണ്ട് വാണി ജയറാം. ഓരോ ഗാനവും ഒന്നിനൊന്ന് മികച്ചതുമാണ്. എങ്കിലും പാതിരാസൂര്യൻ എന്ന സിനിമയിലെ ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂർത്തി ടീമിന്റെ “ഇളംമഞ്ഞിൻ നീരോട്ടം എങ്ങും കുളിരിൻ തേരോട്ടം ..’ എന്ന പാട്ടിനോട് ഒരൽപ്പം ഇഷ്ടക്കൂടുതൽ ഉണ്ടെന്ന് പറയാറുണ്ടായിരുന്നു വാണി.
ദൈവം അനുഗ്രഹിച്ചു നൽകിയ നാദമായിരുന്നു വാണി ജയറാമിന്റേത്. ഒപ്പം ഗായിക തന്നെ സ്വായത്തമാക്കിയ അപാരമായ സംഗീത പാണ്ഡിത്യവും ഉണ്ടായിരുന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഴിവുകളുള്ള ഗായിക- അതായിരുന്നു വാണി ജയറാം.
1973ൽ സ്വപ്നം എന്ന സിനിമയ്ക്കുവേണ്ടി ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്ന “സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധികമാണീ ഭൂമി’ പാടുന്പോൾ ഇരുപത്തെട്ട് വയസായിരുന്നു വാണി ജയറാമിന്റെ പ്രായം. എഴുപത്തിയേഴാം വയസിലും ഇതേഗാനം വാണി പാടിയിരുന്നത് “സ്വപ്ന’ത്തിൽ പാടിയ അതേ സ്വരയൗവനത്തടെയായിരുന്നു.
അരനൂറ്റാണ്ടു മുന്പ് പാടിയ അതേ ശ്രുതിയിലും സ്കെയിലിലും പിച്ചിലും പാടാൻ കഴിയുന്ന, ഒരുപക്ഷെ ലോക സംഗീത ചരിത്രത്തിലെ ഒരേയൊരു ഗായികയും വാണി ജയറാം തന്നെയായിരുന്നു. 1981ൽ റിലീസായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ “മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ ദൂരെ…’ എന്ന് അന്നത്തെ നായിക പൂർണിമ ജയറാമിനു വേണ്ടി പാടുന്പോൾ ഉണ്ടായിരുന്ന അതേ ഊർജം പതിറ്റാണ്ടുകൾക്കുശേഷം ജെറി അമൽദേവിന്റെ പാട്ട് പാടുന്പോഴും ഉണ്ടായിരുന്നു.
2016ൽ പുറത്ത് വന്ന ആക്ഷൻ ഹീറോ ബിജുവിൽ യുവനായികയ്ക്കു വേണ്ടി യേശുദാസുമൊത്ത് പാടിയ “പൂക്കൾ പനിനീർ പൂക്കൾ’ ഇന്നും സൂപ്പർ ഹിറ്റായി തുടരുന്നു. 2014ൽ ഗോപീസുന്ദറിന്റെ ഈണത്തിൽ പി.ജയചന്ദ്രനൊപ്പം പാടിയ “ഓലഞ്ഞാലിക്കുരുവി’യിൽ സ്കൂൾ വിദ്യാർഥിനിയായ നായികയുടെ അതേ കൗമാരനാദമായിരുന്നു ഗായികയ്ക്ക്.
വലിയ ഇടവേളയ്ക്ക് ശേഷം പാടുന്പോൾ മലയാളം എങ്ങനെയാണ് വഴങ്ങുന്നതെന്ന് ഒരിക്കൽ ചോദിച്ചിട്ടുണ്ട്. ദീർഘകാലം മലയാളത്തിൽ പാടുവാൻ അവസരങ്ങൾ ഉണ്ടായില്ലെങ്കിലും മനസുകൊണ്ട് അകലം ഉണ്ടായിരുന്നില്ല. ടിവിയിൽ വരുന്ന മലയാളം സിനിമകളും പരിപാടികളും കാണാറുണ്ട്- അങ്ങനെയാണ് വാണി ജയറാം പറഞ്ഞത്.
തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, ഒറിയ, മറാത്തി, ഗുജറാത്തി, ബംഗാളി തുടങ്ങിയ 19 ഭാഷകളിൽ സിനിമാഗാനങ്ങൾ പാടിയിട്ടുള്ള വാണി ജയറാം പാടിയ ഗാനങ്ങൾ എല്ലാം ഓർമിച്ചിരുന്നുവെന്നതും വലിയ അത്ഭുതമാണ്. ഹിന്ദി സിനിമാസ്വാദകർ മാത്രമല്ല, ഇന്ത്യൻ സിനിമാലോകം തന്നെ നെഞ്ചേറ്റുന്ന “ബോലേരെ പപ്പി’ എന്ന “മിലി’യിലെ ഗാനം കേട്ടുനോക്കുക.
കൗമാരക്കാരിയായ ജയഭാദുരി പാടുന്നതു പോലെയാണ് വാണി ജയറാം ഈ ഗാനം പാടിയിട്ടുള്ളത്. പാട്ടിലിങ്ങനെ അലിഞ്ഞുചേരുന്നതെങ്ങനെയെന്ന ചോദ്യത്തിനും വാണി ഇങ്ങനെ പറഞ്ഞു- “”ഗാനരചയിതാക്കൾക്കൊപ്പമിരുന്ന് ഗാനത്തിന്റെ ഭാവവും അർഥവും ഞാൻ അതീവശ്രദ്ധയോടെ മനസിലാക്കിയിരുന്നു.”
അവസാനനാൾവരെയും താൻ പാടിയ പാട്ടുകൾ മാത്രമല്ല, ഗാനരചയിതാക്കൾ, സംഗീത സംവിധായകർ എന്തിന് സിനിമാസന്ദർഭം വരെ വാണി ഓർമിച്ച് പറയുമായിരുന്നു.”സീമന്തരേഖയിൽ ചന്ദനം ചാർത്തിയ ഹേമന്ത നീലനിശീഥിനി’യും “കരുണ ചെയ്വാൻ എന്ത് താമസം കൃഷ്ണാ’യും പാടിയ അതേ സൗന്ദര്യത്തോടെ തന്നെ മലയാള സിനിമയ്ക്കുവേണ്ടി നിരവധി ക്ലബ് ഗാനങ്ങളും പാടിയിട്ടുണ്ട്.
“നീ മായല്ലെ എൻ മഴവില്ലെ ഇത് മധുവിധു നാളല്ല’െ എന്ന “തടവറ’യിലെ ഗാനം വളരെ കൈയടക്കത്തോടെയാണ് വാണി പാടിയത്.അനന്തമായ ശബ്ദസാധ്യതയുള്ള മലയാളത്തെ എന്നും സ്വന്തം ഹൃദയത്തോട് ചേർത്ത് പിടിച്ചിരുന്ന ഗായികയെ മലയാളം എത്രകണ്ട് അംഗീകരിച്ചുവെന്ന് സംശയമാണ്.
കേരള സർക്കാർ ഒരു പുരസ്കാരവും നൽകി ആദരിച്ചിട്ടില്ല എന്നത് അവസാനം വരെയും വാണി ജയറാമിന്റെ വേദനയായിരുന്നു. 2023 ഫെബ്രുവരി നാലിനായിരുന്നു അന്ത്യം. വിടപറഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോഴും വേണ്ടരീതിയിൽ ഓർമിക്കപ്പെട്ടില്ല.
എസ്. മഞ്ജുളാദേവി