മുംബൈ: ഏതാനും ചിലരുടെ ബലഹീനതകളും അഹങ്കാരവും കാരണം കോൺഗ്രസ് അവസാനിക്കുന്നതു നിർഭാഗ്യകരമാണന്നു മുൻ കോൺഗ്രസ് നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) അധ്യക്ഷനുമായ ഗുലാം നബി ആസാദ്.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ പാർട്ടി വിട്ടത് കോൺഗ്രസിനു വലിയ തിരിച്ചടിയാണെന്നും ആസാദ് പറഞ്ഞു. പാർട്ടി വിട്ടതിനാൽ ഇതിനെക്കുറിച്ചു കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. അശോക് ചവാൻ കോൺഗ്രസിനു നിർണായക സംഭാവന നൽകിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ പിതാവ് കോൺഗ്രസിന്റെ വലിയ നേതാവും കേന്ദ്രമന്ത്രിയും കൂടിയായിരുന്നു. വരും നാളുകളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നാണു ലഭിക്കുന്ന വിവരം.
യുപി, ബംഗാൾ തുടങ്ങിയ വലിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അവസാനിച്ചു. ഇത് പാർട്ടിക്കുള്ള വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.