കഴിഞ്ഞ ദിവസമായിരുന്നു വാലന്റൈൻസ് ദിനം. പ്രണയിക്കുന്നവർ തങ്ങളുടെ കമിതാക്കൾക്ക് പരസ്പരം സമ്മാനങ്ങളും ആശംസകളും പങ്കുവച്ചുകൊണ്ട് ആ ദിനം ആഘോഷിച്ചു. വാലന്റൈൻസ് ദിനത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ അവരുടെ എക്സ് പേജിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തങ്ങളുടെ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിലൂടെ ഒരേ സമയം 16 ഇടങ്ങളിലേക്ക് വാലന്റൈൻസ് ദിന പ്രത്യേക കേക്ക് ഓർഡർ ചെയ്ത ഒരു ‘സ്മാർട്ട് കാമുക’നോട് നന്ദി പറഞ്ഞിരിക്കുകയാണ് സൊമാറ്റോ. എക്സിലൂടെ തരുൺ എന്ന ഡൽഹി നിവാസിക്കായിരുന്നു സൊമാറ്റോയുടെ ഈ നന്ദി പ്രകടനം.
‘ഇന്ന് 16 വ്യത്യസ്ത വിലാസങ്ങളിലേക്ക് കേക്ക് അയച്ച ഡൽഹിയിൽ നിന്നുള്ള തരുണിന് പ്രണയദിനാശംസകൾ.’ ഇതായിരുന്നു സൊമാറ്റോയുടെ പോസ്റ്റ്. സാമൂഹിക മാധ്യമങ്ങളില്‍ വളരേ പെട്ടെന്ന് തന്നെ അവരുടെ പോസ്റ്റ് വൈറലായി. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് പോസ്റ്റിനോട് പ്രതികരിച്ചത്. കൂടുതൽ ആളുകളും പോസ്റ്റിന് താഴെ തമാശ രൂപേണയാണ് കമന്റ് ചെയ്തത്. എന്നാൽ ചിലർ സൊമാറ്റോയെ കളിയാക്കുകയും അവരെ പരദൂഷണക്കാരായി ഉപമിക്കുകയും ചെയ്തു.
happy valentine's day to Tarun from Delhi who has sent cakes to 16 different addresses today
— zomato (@zomato) February 14, 2024