തിരുപ്പതി: മൃഗശാലയിലെ സിംഹക്കൂടുള്ള വേലിക്കകത്ത് സെൽഫിയെടുക്കാൻ കയറിയ യുവാവിനെ സിംഹം കടിച്ചുകൊന്നു. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിലാണ് സംഭവം.
രാജസ്ഥാൻ സ്വദേശി പ്രഹ്ലാദ് ഗുജ്ജാർ(34) ആണ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടാരുന്നു സംഭവം. മൃഗശാലയിലെ 12 അടി ഉയരമുള്ള വേലിക്കകത്താണ് മൂന്ന് സിംഹങ്ങളെ താമസിപ്പിച്ചിരുന്നത്.
സന്ദർശകർക്ക് ഇതിന് പുറത്തുനിന്ന് സിംഹങ്ങളെ കാണാനേ അനുവാദമുള്ളൂ. എന്നാൽ സെൽഫിയെടുക്കാനായി പ്രഹ്ലാദ് സിംഹങ്ങളെ പാർപ്പിച്ച ഈ വേലി ചാടിക്കടക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇയാൾ അകത്തുകടന്നതിന് പിന്നാലെ ആൺസിംഹം ആക്രമിച്ചു. പ്രഹ്ലാദിന്റെ കഴുത്തിനാണ് കടിയേറ്റത്. തുടർന്ന് 100 മീറ്ററോളം ഇയാളെ സിംഹം വലിച്ചിഴച്ചു. വാച്ചർമാർ അലാറം മുഴക്കിയതിന് പിന്നാലെ പരിചാരകർ എത്തിയാണ് സിംഹത്തെ കൂട്ടിനുള്ളിലേക്ക് തിരികെ കയറ്റിയത്. പിന്നീട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു.
പ്രഹ്ലാദിന്റെ പക്കൽ ഉണ്ടായിരുന്ന രേഖകളിൽ നിന്നാണ് ഇയാൾ രാജസ്ഥാൻ സ്വദേശിയാണെന്ന് മനസിലായത്. സംഭവത്തെ തുടർന്ന് സുവോളജിക്കൽ പാർക്ക് താൽക്കാലികമായി അടച്ചിട്ടു.