മുൻ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പോലീസിൽ പരാതി നൽകി നടൻ നിതീഷ് ഭരദ്വാജ്. മധ്യപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിതയ്ക്കെതിരെയാണ് താരം പോലീസിനെ സമീപിച്ചത്.
ഏറെ നാളുകളായി തന്നെ സ്മിത മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് താരം പരാതിയിൽ പറയുന്നത്. മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തന്റെ ഇരട്ട പെൺമക്കളെ കാണാനും മുൻ ഭാര്യ സമ്മതിക്കുന്നില്ലെന്നും നിതീഷ് പറയുന്നു.
സംഭവത്തിൽ ഭോപ്പാൽ പോലീസ് കമ്മീഷ്ണർ ഹരിനാരായണാചാരി മിശ്രയ്ക്കാണ് നിതീഷ് പരാതി നൽകിയത്. താരത്തിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. 12 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് നിതീഷ് ഭരദ്വാജും ഭാര്യ സ്മിതയും വേർപിരിയുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു.
വിവാഹമോചനത്തിന് പിന്നാലെ സ്മിത ഇൻഡോറിലേക്ക് താമസം മാറി. നടന്റെ ആദ്യ ഭാര്യയിലുണ്ടായ രണ്ട് കുട്ടികൾ അമ്മയോടൊപ്പമാണ്. മോനിഷ പട്ടേലാണ് ആദ്യ ഭാര്യ. 1991 ൽ വിവാഹിതരായ ഇവർ 2005 ൽ വേർപിരിഞ്ഞു. പിന്നീട് 2009 ൽ ആണ് ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്മിത ഗേറ്റിനെ വിവാഹം ചെയ്തത്.
മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണനായി അഭിനയിച്ച നിതീഷ് ഭരദ്വാജ് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനായി മാറി. അതുപോലെ തന്നെ മലയാളികൾക്ക് പത്മരാജൻ ചിത്രം ഞാൻ ഗന്ധർവനിലൂടെയും നിതീഷ് സുപരിചിതനാണ്.