അമിതാഭ് ബച്ചൻ-ജയ ബച്ചൻ ദമ്പതികളുടെ ആസ്തി കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകർ. തുടർച്ചയായി അഞ്ചാം തവണയും സമാജ്വാദി പാർട്ടി ജയാ ബച്ചനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതോടെയാണ് താരം സ്വത്ത് വിവരം വെളിപ്പെടുത്തിയത്.
അമിതാഭ് ബച്ചന്റേത് ഉൾപ്പടെ 1,578 കോടി രൂപയുടെ സ്വത്തുവിവരമാണ് ജയ ബച്ചൻ സമർപ്പിച്ചത്. ചൊവ്വാഴ്ചയാണ് ജയാ ബച്ചൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. ജയാ ബച്ചൻ 2004 മുതൽ പാർട്ടി അംഗമാണ്.
ജയ സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 2022-23 സാമ്പത്തിക വർഷത്തിലെ സ്വന്തം ആസ്തി 1,63,56,190 രൂപയും അമിതാഭ് ബച്ചന്റെ ആസ്തി 273,74,96,590 രൂപയുമാണ്. ജയ ബച്ചന്റെ ബാങ്ക് ബാലൻസ് പത്തുകോടിയിൽ പരം രൂപയും അമിതാഭ് ബച്ചന്റേത് 120 കോടി രൂപയിലധികവുമാണ്.
താര ദമ്പതികളുടെ ജംഗമ വസ്തുക്കളുടെ ആസ്തി 849.11 കോടിയും സ്ഥാവര ആസ്തി 729.77 കോടിയുമാണ്. 40.97 കോടിയുടെ ആഭരണങ്ങളും 9.28 ലക്ഷം രൂപ വിലയുള്ള ഒരു ഫോർ വീലറും ജയയുടെ വെളിപ്പെടുത്തിയ ആസ്തിയിൽപ്പെടുന്നു.