കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതാദ്യമായി എക്സൈസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും കൂട്ടത്തോടെ സ്ഥലം മാറ്റം. സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്പിരിറ്റ് ഒഴുകുന്നതിനിടെ നടന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം റെയ്ഡുകളെ പ്രതിസന്ധിയിലാക്കി.
ലഹരി, സ്പരിറ്റു വില്‍പനക്കാരെക്കുറിച്ചും ഇതിന്റെയെല്ലാം ഉറവിടത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥരെയാണ് വിവിധ ജില്ലകളിലേക്കും മറ്റുമായി സ്ഥലംമാറ്റിയിരിക്കുന്നത്. തുടർച്ചയായി നടന്നിരുന്ന റെയ്ഡുകൾ മിക്കയിടത്തും നിലച്ച നിലയിലാണ്.
സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥര്‍ നാലു മാസത്തിനുശേഷം തിരിച്ചെത്തുമെന്നു പറയുമ്പോഴും അതുവരെയുള്ള പരിശോധനകള്‍ പ്രതിസന്ധിയിലാകുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത് . വര്‍ഷാരംഭത്തില്‍തന്നെ സംസ്ഥാനത്തേക്ക് വന്‍ തോതിലാണ് സ്പിരിറ്റ് എത്തുന്നത്. ഉത്തര്‍പ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങല്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ സ്പിരിറ്റ് വരവ്.
ഇവിടെനിന്നു തമിഴ്നാട്ടിലെ ഗോഡൗണുകളില്‍ എത്തിക്കുന്ന സ്പിരിറ്റ് പിന്നീട് ചെറുവണ്ടികളിലാക്കി കേരള വിപണിയിലെത്തുന്നു.കരിക്ക്, സവാള ലോഡുകള്‍ നിറച്ച വണ്ടികളില്‍ എത്തുന്ന സ്പിരിറ്റ് സംശയമുണ്ടെങ്കില്‍ മാത്രമാണ് ചെക്കുപോസ്റ്റുകളില്‍ പലപ്പോഴും പരിശോധിക്കുന്നത്.
ലോഡ് നിറച്ച വണ്ടികളില്‍ മറ്റെന്തെങ്കിലും ഉണ്ടോയെന്ന് അറിയാനായി വലിയ കമ്പിക്കൊണ്ട് വാഹനത്തില്‍ കുത്തി നോക്കിയാണ് പരിശോധന. സവാള, കരിക്ക് വണ്ടികളില്‍ കുത്തിനോക്കുമ്പോള്‍ സ്പരിറ്റ് സൂക്ഷിച്ചിരിക്കുന്ന കന്നാസുകള്‍ പൊട്ടിപ്പോയാലും ഇതിന്റെ മണം പുറത്തുവരില്ല. ഇതും സ്പിരിറ്റ് വരവിന് അനുകൂലമാകുന്നുണ്ട്.
കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന ഒരു ലിറ്റര്‍ സ്പിരിറ്റില്‍നിന്ന് പത്തു ലിറ്റര്‍ മദ്യം ഉണ്ടാക്കാനാകും. ഇതിലൂടെ വില്പനക്കാര് ഇരട്ടിലാഭമാണ് കൊയ്യുന്നത്. സ്പിരിറ്റില്‍ കാരമലും പ്രത്യേക നിറവും ചേര്‍ത്ത് നേര്‍പ്പിച്ചാണ് മദ്യത്തിന് സമാനമായ രീതിയില്‍ വ്യാജമദ്യം (സെക്കന്‍ഡ്സ്) കേരള വിപണിയില്‍ എത്തുന്നത്. ഇത് കുപ്പികളിലാക്കി ലേബല്‍ ഒട്ടിച്ച് ജവാന് പോലുള്ള വില കുറഞ്ഞ മദ്യത്തിനൊപ്പം സംസ്ഥാനത്തെ പല ബാറുകളിലും വില്പന നടത്തുന്നുമുണ്ട്.
മുമ്പൊക്കെ കള്ളില്‍ ചേര്‍ക്കാനായിട്ടാണ് സ്പിരിറ്റ് എത്തിയിരുന്നതെങ്കില്‍ ഇന്ന് ബാറുകള്‍ വഴിയുള്ള വില്പനയും സുഗമമായി നടക്കുന്നു. പൊളളാച്ചിയില്‍ ഒരു ലിറ്റര്‍ സ്പിരിറ്റിന് 75 രൂപയേ വിലയുള്ളൂ. ഉത്തര്‍പ്രദേശിലാകട്ടെ ഒരു ലിറ്ററിന് ഒരു രൂപയാണ് വില.
കൂടുതല്‍ പാലക്കാട്
കേരളത്തില്‍ ഏറ്റവുമധികം സ്പിരിറ്റ് പിടികൂടുന്നത് പാലക്കാടാണ്. ദിവസങ്ങള്‍ക്കു മുമ്പ് തമിഴ്നാട്ടില്‍നിന്ന് പിക്കപ് വാനില്‍ പെരുമ്പാവൂരിലേക്ക് കടത്തിയ 1750 ലിറ്റര്‍ സ്പിരിറ്റ് പാലിയേക്കരയില്‍ വച്ച് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അസി. എക്സൈസ് കമീഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു.
ചകിരിയില്‍ ഒളിപ്പിച്ച നിലയില്‍ മിനി ലോറിയില്‍ തൃശൂരിലേക്ക് കടത്തിയ 1300 ലിറ്റര്‍ സ്പിരിറ്റും ജനുവരി ആദ്യം എക്സൈസ് സംഘം പിടൂകൂടി. എങ്കിലും വാളയാര്‍ ചെക്ക് പോസ്റ്റിലൂടെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ വ്യാജന് കേരളത്തിലേക്ക് എത്തുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ചെക്കുപോസ്റ്റുകളില്‍ കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് (കെമു) വന്‍ തോതില്‍ സ്പിരിറ്റ് വേട്ട നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം എറണാകുളം ജില്ലയിലെ ഉണിച്ചിറയില്‍ നിന്ന് 6000 ലിറ്ററും വരാപ്പുഴയില്‍ നിന്ന് 8,000 ലിറ്ററും സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടുകയുണ്ടായി.
വ്യാജന് കൂടുതലും വൈപ്പിന്‍ മുനമ്പം മേഖലകളില്‍
നിലവില്‍ എറണാകുളം ജില്ലയിലെ വൈപ്പിന്‍- മുനമ്പം മേഖലകളിലാണ് വന്‍തോതില്‍ വ്യാജമദ്യം വില്പന തകൃതിയായി നടക്കുന്നത്. ഈ പ്രദേശങ്ങളില്‍ ബോട്ടുകളിലും മറ്റും എത്തിക്കുന്ന വ്യാജമദ്യം ഒളിപ്പിക്കാന്‍ ചെറിയ തുരുത്തുകളില്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്.
എക്സൈസ് പരിശോധന ഉണ്ടായാല്‍തന്നെ മദ്യക്കുപ്പി വെള്ളത്തിലേക്ക് എറിഞ്ഞ് വില്പനക്കാര് രക്ഷപ്പെടുന്നു. വിപണിയില്‍ 375 മില്ലി മദ്യത്തിന് 500 രൂപ എന്നിരിക്കെ 300 രൂപ നിരക്കിലാണ് ഇവിടെ വ്യാജമദ്യം മത്സ്യബന്ധന ബോട്ടുകളിലെ അതിഥിത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നത്.
2023 ഡിസംബര്‍ അഞ്ചു മുതല്‍ 2024 ജനുവരി മൂന്നു വരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവുമധികം അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് കോഴിക്കോട് ജില്ലയിലാണ് 162 കേസുകള്‍. 51 കേസുകള്‍ മാത്രമുള്ള വയനാട്ടിലാണ് കുറവ് കേസുള്ളത്. 30006 ലിറ്റര്‍ വാഷ്, 494 ലിറ്റര്‍ സ്പിരിറ്റ്, 537.4 ലിറ്റര്‍ ചാരായം, 3678.63 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 4916.02 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം എന്നിവയും എക്സൈസ് സംഘം പിടിച്ചെടുക്കുകയുണ്ടായി.
സീമ മോഹന്‍ലാല്‍