കണ്ണൂർ: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു കോഴിക്കോട് വിദ്യാർഥികളുമായി നടത്തുന്ന സർക്കാർതല മുഖാമുഖം പരിപാടിയുടെ പന്തൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തയാറാക്കുന്നതിനു ചിലവ് ലക്ഷങ്ങൾ.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കടന്ന പോകുന്നതെന്ന് ധനമന്ത്രി തന്നെ ആവർത്തിച്ചു പറയുമ്പോഴും സർക്കാരിന്റെ ധൂർത്തിനു കുറവില്ല.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ 18ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുമായാണ് മന്ത്രി സംവദിക്കുന്നത്. പന്തൽ ഉൾപ്പെടെയുള്ളവ ഒരുക്കുന്നതിനായാണ് ലക്ഷങ്ങൾ പൊടിക്കുന്നത്. പന്തലിന് 18 ശതമാനം ജിഎസ്ടി ഉൾപ്പെടെ 17,03,490 രൂപയാണ് എസ്റ്റിമേറ്റ്.
കൂടാതെ ആർച്ച്, ട്രാൻസ്പോർട്ടേഷൻ എന്നിവയുടെ ചെലവിനായി ഒരു ലക്ഷവുമാണ്. തുക അനുവദിക്കണമെന്ന് കാണിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശയ്ക്കാണ് സർക്കാർ ഭരണാനുമതി നൽകിയിരിക്കുന്നത്.
തുക സ്റ്റുഡന്റ് സപ്പോർട്ട് വെൽഫെയർ ആൻഡ് ഔട്ട് റീച്ച് എന്ന ശീർഷകത്തിൽ വഹിക്കേണ്ടതാണ് എന്നു സൂചിപ്പിച്ചു കൊണ്ടാണ് ഭരണാനുമതിയായത്. അതേസമയം ചെലവ് കുറച്ച് പരിപാടി സംഘടിപ്പിക്കാമെന്നിരിക്കെ സർക്കാർ തന്നെ ധൂർത്ത് കാട്ടുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.