കോട്ടയം: കേരള കോണ്‍ഗ്രസ് പിറവിയെടുത്ത കോട്ടയത്തിന്റെ മണ്ണില്‍ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണി-ജോസഫ് ഗ്രൂപ്പുകളുടെ ബലപരീക്ഷണം ഉറപ്പായി. സിറ്റിംഗ് എംപി തോമസ് ചാഴികാടന് എൽഡിഎഫ് സ്ഥാനാര്‍ഥിയായി നേരത്തെ രംഗത്തെത്തിക്കഴിഞ്ഞു.
കേരള കോണ്‍ഗ്രസിലെ കെ. ഫ്രാന്‍സീസ് ജോര്‍ജിനെ സ്ഥാനാർഥിയായി യുഡിഎഫും പ്രഖ്യാപിച്ചു. ഇരുവരും ഗോദയില്‍ ഇറങ്ങിയതോടെ കോട്ടയത്തെ രാഷ്ട്രീയക്കളം മൂത്തു.
ഏറ്റുമാനൂരില്‍ നാലു തവണ എംഎല്‍എയായി വിജയവും രണ്ടു തോല്‍വിയും ഒരു ലോക്സഭാ വിജയവുമാണ് തോമസ് ചാഴികാടനുള്ളത്. ഇടുക്കിയില്‍നിന്ന് ലോക്സഭയിലേക്ക് രണ്ടു വിജയവും ഒരു തോല്‍വിയും നിയമസഭയിലേക്ക് രണ്ടു തോല്‍വിയുമാണ് ഫ്രാന്‍സീസ് ജോര്‍ജിനുള്ളത്. ലോക്സഭയിലേക്ക് ആറാം അങ്കമാണ് ഫ്ര്ാൻസിസ് ജോർജിന്.
കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനായ ഫ്രാന്‍സീസ് ജോര്‍ജ് 1999 മുതല്‍ 2009 വരെ ഇടുക്കി ലോക്സഭാമണ്ഡലത്തില്നിന്നുള്ള എംപിയായിരുന്നു. നിയമബിരുദധാരിയായ ഫ്രാൻസീസ് ബാങ്ക് ഉദ്യോഗസ്ഥാനായിരിക്കെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം. ജോര്‍ജിന്റെയും മാര്ത്താമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായി 1955 ഒക്ടോബര്‍ എട്ടിനാണ് ജനനം.
കേരള വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം കേരള കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്, എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലോക്സഭാംഗമായിരുന്ന കാലത്ത് വിദേശകാര്യം, പ്രതിരോധം, വ്യവസായം, വാണിജ്യം, മാനവ വിഭവശേഷി വികസനം, പബ്ലിക് അണ്ടര്‍ടേക്കിംഗ്, കൃഷി, പൊതുവിതണം എന്നിവയുടെ പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമായി പ്രവര്‍ത്തിച്ചു.
കേരളത്തിന്റെ കാര്‍ഷിക പ്രശ്നങ്ങളും പൊതുവികസനവും ലോക്സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്ന അദ്ദേഹം റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് ന്യായവില ലഭിക്കുന്നതിനു വേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്.
കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റ്യൻസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുൻ അധ്യാപിക ഷൈനിയാണ് ഭാര്യ. ജോര്‍ജ്, ജോസ്, ജേക്കബ് എന്നിവരാണു മക്കള്‍.1.7 ലക്ഷം വോട്ടുകളുടെ മുന്‍തൂക്കത്തിലാണ് യുഡിഎഫിലായിരുന്ന തോമസ് ചാഴികാടന് വി.എന്‍. വാസവനെ 2019ല്‍ പരാജയപ്പെടുത്തിയത്. ഇക്കുറി ചാഴികാടന് ഇടതുമുന്നണി സ്ഥാനാര്‍ഥിയാണ്.ഫ്രാന്‍സിസ് ജോര്‍ജ് കേരള കോണ്‍ഗ്രസ് ജോസഫിലും ജനാധിപത്യ കേരള കോണ്‍ഗ്രസിലുമായി എല്‍ഡിഎഫിലും യുഡിഎഫിലും പ്രവര്‍ത്തിച്ചു.
എന്‍ഡിഎയില്‍ സീറ്റ് ബിജെപിക്കോ ബിഡിജെഎസിനോ എന്നതില്‍ തീരുമാനമായിട്ടില്ല. തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് സ്ഥാനാര്‍ഥിയായാല്‍ മത്സരത്തിനു വീറുകൂടും.കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പിറവം, കടുത്തുരുത്തി, പാലാ, കോട്ടയം, പുതുപ്പള്ളി നിയമസഭാ മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പവും ഏറ്റുമാനൂരും വൈക്കവും ഇടതിനൊപ്പവുമാണ്. കോണ്‍ഗ്രസിന്റെ അമരക്കാനായ ഉമ്മന്‍ ചാണ്ടിയില്ലാത്ത ലോക്സഭാ തെരഞ്ഞെടുപ്പാണിത്.