കൊൽക്കത്ത: സിലിഗുഡി സഫാരി പാർക്കിലെ ആൺസിംഹത്തെയും പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് കൊൽക്കത്ത ഹൈക്കോടതിയിൽ. കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിലാണ് വിചിത്ര ഹർജി എത്തിയത്. ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കാനുള്ള ഇവരുടെ കാരണമാണ് ഇപ്പോൾ വിവാദമാകുന്നത്.
ആൺസിംഹത്തിന്റെ പേര് അക്ബർ എന്നും പെൺസിംഹത്തിന്റെ പേര് സീതയെന്നുമാണ്. അതിനാൽ ഇരുവരേയും ഒരുമിച്ച് താമസിപ്പിക്കരുതെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെടുന്നത്. വനം വകുപ്പിന്റെ ഈ നടപടി ഹിന്ദുമതത്തെ അപമാനിക്കുന്നു എന്ന് ഇവർ ആരോപിക്കുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്ന് സിംഹങ്ങളെ സിലിഗുഡി സഫാരി പാർക്കിലേക്ക് എത്തിച്ചത്.
ഈ മാസം 20ന് കേസ് പരിഗണിക്കും. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാൾ ഘടകത്തിന്റേതാണ് ഹർജി. ഫെബ്രുവരി 16നാണ് ജസ്റ്റിസ് സോഗത ഭട്ടാചാര്യയ്ക്ക് മുന്നിലേക്ക് വിഎച്ച്പി ഹർജിയുമായി എത്തിയത്.
എന്നാൽ പാർക്കിലെ മൃഗങ്ങളുടെ പേരുകൾ മാറ്റാൻ സാധിക്കില്ലെന്ന് സഫാരി പാർക്ക് അധികൃതർ പറഞ്ഞു. പാർക്കിലെത്തുന്നതിന് മുൻപ് തന്നെ സിംഹങ്ങൾക്ക് പേരുണ്ടെന്നാണ് ബംഗാൾ വനംവകുപ്പ് വിശദമാക്കുന്നത്. അതേസമയം, സംസ്ഥാന വനംവകുപ്പിനേയും ബംഗാൾ സഫാരി പാർക്കിനേയും എതിർ കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജി.