തൃശൂർ: എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി പറ്റുന്നുവെന്ന് കണക്കുകൾ സഹിതം തൃശൂരിലെ ബാറുടമകൾ തുറന്നടിച്ചതോടെ അന്പരന്ന് നാണംകെട്ട് സംസ്ഥാന എക്സൈസ് വകുപ്പ് മുഖം രക്ഷിക്കാൻ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്നു.
തൃശൂർ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരെയാണ് ബാറുടമകൾ കടുത്ത ആരോപണങ്ങളുയർത്തി പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇനി മാസപ്പടി നൽകില്ലെന്ന് ബാർ ഉടമകളുടെ ഇരിങ്ങാലക്കുട, തൃശൂർ മേഖലയോഗങ്ങളാണ് തീരുമാനിച്ചത്.
വർഷത്തിൽ പതിനഞ്ചു തവണ മുപ്പതിനായിരം രൂപവീതം ബാർ ഒന്നിന് നൽകേണ്ടി വന്നിരുന്നുവെന്ന ബാറുടമകളുടെ തുറന്നടിച്ചുള്ള വെളിപ്പെടുത്തലിൽ എക്സൈസ് മന്ത്രി ഇനി അന്വേഷണത്തിന് ഉത്തരവിടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മാസപ്പടി നൽകുന്നതുമായി ബന്ധപ്പെട്ട് തെളിവു ഹാജരാക്കാനും ബാറുടമകൾ തയ്യാറാകുമെന്ന് സൂചനയുണ്ട്. ബാറുടമകൾ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം വരികയാണെങ്കിൽ തെളിവുകൾ നൽകാൻ ഇവർ ബാധ്യസ്ഥരാകും. തെളിവുകൾ കയ്യിലുള്ളതുകൊണ്ടാണ് ഇത്ര പരസ്യമായി ബാറുടമകൾ ഈ ഗുരുതര ആരോപണമുന്നയിച്ചത് എന്നാണ് എക്സൈസ് വകുപ്പും സംശയിക്കുന്നത്.
അതുകൊണ്ടുതന്നെ അധികം നാണം കെടാതെ പ്രശ്നം ഒത്തുതീർപ്പാക്കാനാണ് നീക്കമെന്നും സൂചനയുണ്ട്.കഴിഞ്ഞ ദിവസം ചേർന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ യോഗത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകേണ്ടതില്ലെന്ന നിർണായക തീരുമാനം ബാറുടമകൾ കൈക്കൊണ്ടത്.
ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ തൃശൂർ, ഇരിങ്ങാലക്കുട മേഖലാ യോഗത്തിലാണ് അംഗങ്ങൾ എക്സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണം എന്ന് ആവശ്യം ഉയർത്തിയത്. ഇനിയും കൈക്കൂലി ആവശ്യപെട്ടാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് അംഗങ്ങൾ വ്യക്തമാക്കിയത്.
മാസപ്പടി നൽകുന്നുവെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് എക്സൈസ് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. മാസപ്പടിക്കു പുറമെ ഓണം, വിഷു, ക്രിസ്മസ് തുടങ്ങി എല്ലാ വിശഷങ്ങൾക്കും ഉത്സവപൂരംപെരുന്നാളാഘോഷങ്ങൾക്കും വിഹിതം ചോദിച്ച് എക്സൈസ് ഉദ്യോഗസ്ഥർ തങ്ങളെ സമീപിക്കാറുണ്ടെന്നാണ് ബാറുടമകൾ പറയുന്നത്.
ചോദിച്ച വിഹിതം കൊടുത്തില്ലെങ്കിൽ ഉദ്യോഗസ്ഥരിൽ നിന്നും ബാറിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന രീതിയിൽ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന ഭയത്താൽ ചോദിച്ച പണം കൊടുത്ത് പ്രശ്നങ്ങൾ ഒഴിവാക്കുകയാണ് ചെയ്യാറുള്ളതെന്നും ബാറുടമകൾ പറഞ്ഞു.
മാസപ്പടി കൊടുക്കേണ്ടെന്ന തീരുമാനം ഏഴുവർഷം മുൻപ് എടുത്താണെന്നും അതൊന്നുകൂടി ഉറപ്പിക്കുകയാണ് ഇപ്പൊഴത്തെ തീരുമാനമെന്ന് ബാറുടമകൾ പറഞ്ഞു.
സ്വന്തം ലേഖകൻ