കൊച്ചി: വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി മനുഷ്യജീവനു ഭീഷണിയാകുന്ന അവസ്ഥ പരിഹരിക്കാൻ സർക്കാർ സമഗ്രനയം രൂപീകരിക്കണമെന്നു ഹൈക്കോടതി.
ഉടനടി നടപടി സ്വീകരിക്കാത്തപക്ഷം ഭാവിയിൽ ഫലപ്രദമായി ഇതു നേരിടാൻ ബുദ്ധിമുട്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കാട്ടുപന്നികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഓണററി വൈൽഡ് ലൈഫ് വാർഡൻ നിയമനം സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
എസി മുറിയിലിരുന്ന് ടിവി കണ്ട് അഭിപ്രായം പറയുന്നതുപോലെയല്ല വയനാട്ടിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം. മുമ്പ് കാട്ടുപന്നികൾ എത്തിയതുപോലെയാണ് കൂടുതൽ വന്യമൃഗങ്ങൾ ഇപ്പോൾ ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നത്.ജനങ്ങൾ ഭയചകിതരാണ്. അവിടെ താമസിച്ചാൽ മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസിലാകൂ.