കോഴിക്കോട്: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തിന് പുറത്തുള്ളവര്‍ കേരളത്തിന്റെ മികവ് അറിയണം. അതിന് ആവശ്യമായ പരിഷ്കാരം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉപരിപ്ലവമായ കേവല പരിഷ്കരണമല്ല, കാലാനുസൃതമായ ഉടച്ചുവാര്‍ക്കലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പിണറായി വിജയന് വ്യക്തമാക്കി.
നവകേരളാ സദസിന്റെ തുടര്‍ച്ചയായി നടത്തുന്ന മുഖാമുഖം പരിപാടിയില്‍ കോഴിക്കോട് വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതിനൂതനമായ മേഖലകളില്‍കൂടി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാവീണ്യം ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അത് ഉറപ്പ് വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് തുടക്കം കുറിച്ചത്.
ആ മേഖലയിലെ രാജ്യത്തെ ആദ്യത്തെ യൂണിവേഴ്സിറ്റിയാണ് കേരളത്തില്‍ വന്നത്. നിര്‍മിതബുദ്ധി, മെഷീന് പഠനം തുടങ്ങിയ വിഷയങ്ങളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി എഡിന്ബറാ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി പ്രത്യേക പദ്ധതികള്‍ തയാറാക്കിവരികയാണ്.
തിരുവനന്തപുരത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരഭമാണ്. കേരളം ശ്രദ്ധ കൊടുക്കേണ്ടത് ഉന്നതവിദ്യാഭ്യാസരംഗത്തു തന്നെയാണ്.
യുവാക്കള്‍ അറിവിന്റെ രാഷ്ട്രീയം മനസിലാക്കണം. വിദേശത്ത് പോയവരെ തിരിച്ചെത്തിക്കാനുള്ള പ്രത്യേക പദ്ധതി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വഴി നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.