നമ്മുടെയൊക്കെ കുട്ടികാല നൊസ്റ്റാൾജിയകളിൽ ഒന്നാമനാണ് പഞ്ഞി മിഠായി. ഉത്സവപ്പറമ്പിലും, പള്ളിപ്പെരുന്നാളിനും, ബീച്ചിലും പഞ്ഞിമിഠായികൾ വിപണി കീഴടക്കുന്ന ഒരു കാലമുണ്ടായിരുന്നു.
മദാമ്മ പൂഡ, സായിപ്പ് പൂഡ, ബോംബൈ പൂഡ ഇങ്ങനെ പോകുന്നു പഞ്ഞി മിഠായിയുടെ പേരുകൾ. സുതാര്യമായ കവറിൽ മനം മയക്കുന്ന പിങ്ക് നിറത്തിൽ എവിടെ നിന്ന് നോക്കിയാലും കാണാൻ സാധിക്കുന്ന തരത്തിലുള്ള തലയെടുപ്പോടെ നിൽക്കുന്ന പഞ്ഞി മിഠായി ഒരു അഴക് തന്നെയാണ്.
പ്രായഭേദമന്യേ പലരുടേയും ഇഷ്ട മധുരം തന്നെയാണ് പഞ്ഞി മിഠായി. എന്നാൽ ഇത് കഴിക്കുന്നത് മൂലം വലിയ വിഷമാണ് വയറിൽ എത്തുന്നത് എന്നതിനെക്കുറിച്ച് എത്ര പേർ ബോധാവാന്മാരാണ്?
കഴിഞ്ഞ ദിവസം പഞ്ഞിമിട്ടായിയുടെ വിൽപ്പന നിരോധിച്ചുകൊണ്ട് തമിഴ്നാട്ടിൽ ഉത്തരവിറങ്ങിയതോടെയാണ് ഇതിൽ പതിയിരിക്കുന്ന വില്ലനെ കുറിച്ച് അറിയുന്നത് പോലും.
പഞ്ഞിമിഠായിയിൽ ചേർക്കുന്ന നിറത്തിലടങ്ങിയിരിക്കുന്ന റോഡമിൻ ബി എന്ന രാസവസ്തു ക്യാൻസറുണ്ടാകാൻ കാരണമാകുന്നു. യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വെബ്സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്തുവാണ് റോഡമിൻ ബി.
ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുന്ന ഫുഡ് കളറാണ് ഇത്. മുളകുപൊടിയിലും മറ്റും വളരെ ചെറിയ അളവിൽ റോഡിമിൻ ബി ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്. റോഡമിൻബിയുടെ ദീർഘകാലത്തെ ഉപയോഗം ശരീരകോശങ്ങൾ നശിക്കാൻ കാരണമാകും. അപകടകാരിയായ പഞ്ഞി മിഠായികൾ ഇനിയും വാങ്ങി കൊടുക്കണോ നമ്മുടെ പിഞ്ചോമനകൾക്ക്….