പാപുവ ന്യൂ ഗിനിയ: പാപുവ ന്യൂ ഗിനിയയിൽ ഗോത്രവർഗക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 53 പേർ കൊല്ലപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരും സൈനികരും ചേർന്ന് 53 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് കമ്മീഷണർ ഡേവിഡ് മാനിംഗ് പറഞ്ഞു. തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽനിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞാറായി വബാഗ് പട്ടണത്തിനു സമീപമാണു സംഘർഷമുണ്ടായത്. പ്രദേശത്ത് കനത്ത വെടിവയ്പ് നടന്നതായി പോലീസ് പറഞ്ഞു.
സിക്കിൻ, കെയ്കിൻ ഗോത്രവർഗക്കാർ തമ്മിലുള്ള ദീർഘകാല സംഘർഷത്തിന്റെ തുടർച്ചയാണ് ഈ സംഭവം. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്നു ഗ്രാഫിക് വീഡിയോകളും ചിത്രങ്ങളും പോലീസിനു ലഭിച്ചു.
പാപുവ ന്യൂ ഗിനിയയിൽ ഗോത്രവർഗക്കാർ തമ്മിലുള്ള സംഘർഷത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആധുനികരീതിയിലുള്ള ആയുധങ്ങളുടെ ഉപയോഗമാണ് ഏറ്റമുട്ടലുകൾ കൂടുതൽ രക്തരൂക്ഷിതമാക്കുന്നത്. അക്രമം നിയന്ത്രിക്കാൻ സർക്കാർ അടിച്ചമർത്തൽ, മധ്യസ്ഥത, പൊതുമാപ്പ് എന്നിവ പരീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരയും പൂർണവിജയം കൈവരിച്ചിട്ടില്ല.