ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പൊതുതെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടെന്ന ആരോപണത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക സമിതി ആയിരിക്കും അന്വേഷണം നടത്തുക.
പാക്കിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് അന്വേഷണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട് നടന്നുവെന്നും അതിന്റെ ഉത്തരവാദിത്വം ഏൽക്കുന്നുവെന്നും പറഞ്ഞ് റാവൽപണ്ടിയിലെ ഇലക്ഷൻ കമ്മീഷണർ ലിയാക്കത്ത് അലി ചത്താ രാജിവച്ചിരുന്നു. പരാജയപ്പെട്ട സ്ഥാനാർഥികളെ ജയിപ്പിക്കുകയായിരുന്നുവെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ചീഫ് ജസ്റ്റീസിനും ക്രമക്കേടിൽ പങ്കുണ്ടെന്നും ചത്താ ആരോപിച്ചു.
ഈ മാസം എട്ടിനു നടന്ന തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച്, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടി ദേശവ്യാപകമായി പ്രതിഷേധം ആരംഭിച്ചിരുന്നു.
180 സീറ്റുമായി മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുകയായിരുന്നെന്നുമാണ് പിടിഐയുടെ അവകാശവാദം. അതിനിടെ പിഎംഎൽ (എൻ), പിപിപി, എംക്യൂഎം എന്നീ പാർട്ടികൾ ചേർന്ന് സഖ്യസർക്കാരിനുള്ള നീക്കം പുരോഗമിക്കുകയാണ്.