ന്യൂഡൽഹി: വിളകൾക്കുള്ള മിനിമം താങ്ങുവിലയ്ക്ക് കേന്ദ്രസർക്കാർ പുതിയ പദ്ധതി നിർദേശിച്ചതിനു പിന്നാലെ നിർദേശം പഠിക്കുന്നതുവരെ ഡൽഹി ചലോ മാർച്ച് കർഷകസംഘടനകൾ നിർത്തിവച്ചു.
സർക്കാരിന്റെ നിർദേശം അടുത്ത രണ്ടു ദിവസത്തിനുള്ളിൽ തങ്ങളുടെ ഫോറങ്ങളിൽ ചർച്ച ചെയ്യുമെന്നും അതിനുശേഷം ഭാവി നടപടി തീരുമാനിക്കുമെന്നും കർഷക നേതാക്കൾ പറഞ്ഞു.
കാർഷിക, കർഷക ക്ഷേമ മന്ത്രി അർജുൻ മുണ്ട, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവർ കർഷക നേതാക്കളുമായി ഇന്നലെ നാലാം വട്ട ചർച്ച നടത്തിയിരുന്നു.
കർഷകരുമായി കരാറിലേർപ്പെട്ട് അഞ്ചു വർഷത്തേക്കു പയറുവർഗങ്ങൾ, ചോളം, പരുത്തി വിളകൾ എന്നിവ സർക്കാർ ഏജൻസികൾ മിനിമം താങ്ങുവിലയ്ക്ക് വാങ്ങാൻ സമിതി നിർദേശിച്ചിട്ടുണ്ടെന്നു യോഗശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ഗോയൽ പറഞ്ഞു.
എൻസിസിഎഫ് (നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ), നാഫെഡ് (നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ) തുടങ്ങിയ സഹകരണ സംഘങ്ങൾ “ടർ ദാൽ’, “ഉരദപ്പയം’, “മസൂർ ദാൽ’ അല്ലെങ്കിൽ ചോളം എന്നിവ കൃഷി ചെയ്യുന്ന കർഷകരുമായി കരാറിൽ ഏർപ്പെടും. അടുത്ത അഞ്ച് വർഷത്തേക്ക് അവരുടെ വിളകൾ എംഎസ്പിയിൽ വാങ്ങും- ഗോയൽ പറഞ്ഞു.