തിരുവനന്തപുരം: നാട് നേരിടുന്ന പ്രശ്നങ്ങൾ അതിജീവിക്കണമെന്നും ഇതിന് യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
യുവജനങ്ങൾ സമൂഹത്തിന്റെ പ്രധാനഭാഗമാണ്. സമൂഹത്തിലെ സൗഹൃദ അന്തരീക്ഷം തകരാതെ നോക്കണം. അത് തകർന്നാൽ ഒന്നും നേടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കവടിയാർ ഉദയ്പാലസ് കണ്വെൻഷൻ സെന്ററിൽ യുവാക്കളുമായി നടത്തുന്ന മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ ഒൻപതര മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് മുഖാമുഖം. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. അബ്ദു റഹ്മാൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ പങ്കെടുത്തു.
അക്കാദമിക്, കലാകായിക സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട രണ്ടായിരം പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. നവകേരള നിർമിതിക്കായുള്ള അഭിപ്രായം ശേഖരിക്കാനാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.