കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാഴചയ്ക്കിടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ബത്തേരിയില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു.
മന്ത്രിമാരുടെ സംഘമല്ല മുഖ്യമന്ത്രിയാണ് വരേണ്ടതെന്ന് ടി. സിദ്ദീഖ് എംഎല്‍എയും ഐ.സി. ബാലകൃഷ്ണൻ എംഎല്‍എയും യോഗത്തില്‍ പറഞ്ഞു. വനം മന്ത്രിക്കു ഒറ്റയ്ക്കുവരാന്‍ പേടിച്ച് മറ്റുരണ്ടുമന്ത്രിമാരുടെ എസ്കോര്‍ട്ടോടു കൂടിയാണ് മന്ത്രി ശശീന്ദ്രന് എത്തിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചര്‍ച്ചയല്ല നടപടിയാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു. ചര്‍ച്ച നടത്തി കബളിപ്പിക്കാനാണ് ശ്രമം.
ശശീന്ദ്രന് വയനാട്ടില്‍ എത്താത്തതില്‍ കടുത്ത പ്രതിഷേധം അവതരിപ്പിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്നത്. ബത്തേരിയില്‍ ആരംഭിച്ച സര്‍വകക്ഷി യോഗത്തില്‍ റവന്യൂ മന്ത്രി കെ. രാജന്, തദ്ദേശ വകുപ്പു മന്ത്രി എം.ബി. രാജേഷ്, വനം മന്ത്രി എ.കെ. ശശീന്ദ്രന് എന്നിവരാണ് പങ്കെടുക്കുന്നത്.
മരിച്ചവരുടെ കുടുംബത്തിനു പ്രഖ്യാപിച്ച ധനസഹായം വര്‍ധിപ്പിക്കുന്ന കാര്യത്തിലും വന്യമൃഗശല്യം തടയുന്നതിനുള്ള പാക്കേജിന്റെ കാര്യത്തിലും ഇന്ന് പ്രഖ്യാപനം ഉണ്ടാകുെമന്നാണ് സുചന.
വനം മന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബത്തേരിയില്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. കാട്ടാനയുടെ ചവിട്ടേറ്റ് രണ്ടു കര്‍ഷകര്‍ കൊല്ലപ്പെട്ടതിനേതിരേ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബത്തേരിയില്‍ കണ്ടത്.
ജനക്കൂട്ടം ജില്ലാ കളക്ടറും എസ്പിയും അടക്കമുള്ളവരെ തടഞ്ഞുവയ്ക്കുകയും വനം വകുപ്പിന്റെ വാഹനം ആക്രമിക്കുകയും ചെയ്തിരുന്നു.ഈ സംഭവത്തില്‍ പോലീസ് നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഏതാനും പേരെ അറസ്റ്റ് നടത്തുകയും ചെയ്തിരുന്നു. ഈ കേസുകളമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് വനം മന്ത്രി ഇന്നു രാവിലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലും ജനങ്ങളില്‍ എതിര്‍പ്പ് നിലനില്‍ക്കുകയാണ്.